സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചതിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം; കെ സുരേന്ദ്രൻ
ഭാരത് ജോഡോ യാത്രയുമായി തലസ്ഥാനത്തെത്തിയ രാഹുൽ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണെന്നും ക്ഷമാപണം നടത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ നിശ്ചയിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിയെത്താതിരുന്ന സംഭവത്തെ തുടർന്നാണ് വിമർശനം.
ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന നേതാവിൻ്റെ നിലപാടിതാണോയെന്ന് വ്യക്തമാക്കണം.യാത്രയുടെ ഉദ്ദേശത്തിന് നേരെ വിപരീതമാണ് നടക്കുന്നത്. മലയാളികളെ ആകെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷനും തരൂർ എംപിയും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു.
സ്വാതന്ത്ര്യസമര സേനാനികളോട് അങ്ങേയറ്റത്തെ അനാദരവാണുണ്ടായത്. എല്ലാവരും കാത്ത് നിൽക്കവേ, ഉദ്ഘാടനം നടത്തേണ്ടിയിരുന്ന സ്മൃതി മണ്ഡപത്തിന് മുന്നിലൂടെ രാഹുൽ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയാണ് കടന്നു പോയത്. രാഹുൽ മാപ്പ് പറയണമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം സന്ദർശിച്ച് പ്രായശ്ചിത്തം ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.