‘ദീപിക കാവി ധരിച്ചാൽ പ്രശ്നം, സ്മൃതി ഇറാനി ധരിച്ചാൽ കുഴപ്പമില്ലേ’; തൃണമൂൽ കോൺഗ്രസ്
‘ദീപിക കാവി ധരിച്ചാൽ പ്രശ്നം, സ്മൃതി ഇറാനി ധരിച്ചാൽ കുഴപ്പമില്ലേ’ വിഡിയോ പങ്കുവച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത. ഷാരൂഖ് ഖാൻ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയത്.
സിനിമയ്ക്കെതിരെയുളള ബിജെപിയുടെ പരാമർശങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മുമ്പ് കാവി വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന വിഡിയോയാണ് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത ട്വിറ്ററിൽ പങ്കുവച്ചത്.
ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിലിട്ട കുറിപ്പിന് മറുപടിയായിട്ടായിരുന്നു റിജു ദത്തയുടെ മറുപടി. ‘കാവിയെന്നത് നിങ്ങളുടെ പാർട്ടിയുടെ പിതൃസ്വത്താണെന്ന് വരുത്തിത്തീർക്കാനുള്ള ഈ അഭിനയം ആദ്യം നിർത്തൂ. രണ്ടാമതായി, ദീപികയെപ്പോലുള്ള സ്ത്രീകൾ കാവി വസ്ത്രം ധരിക്കുമ്പോൾ നിങ്ങൾക്ക് വലിയ പ്രശ്നമാണ്. അതേസമയം, സ്മൃതി ഇറാനി അത് ധരിച്ചാൽ യാതൊരു പ്രശ്നവുമില്ല. നിങ്ങൾക്ക് ഭാഗിക അന്ധതയുണ്ടെന്ന് ഞാൻ സംശയിക്കുന്നു. സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ ഒരു വനിത നയിക്കുന്ന പാർട്ടിയുടെ അംഗമാണ് ഞാൻ. നിങ്ങളാകട്ടെ, ബലാത്സംഗക്കേസിലെ പ്രതികളെ ‘സൻസ്കാരി ബ്രാഹ്മിൻസ്’ എന്ന് വിളിക്കുന്നവരുടെ പാർട്ടിക്കാരും,’ റിജു ദത്ത ട്വിറ്ററിൽ കുറിച്ചു.
1998ൽ മിസ് ഇന്ത്യ മത്സരത്തിൽ സ്മൃതി ഇറാനി പങ്കെടുക്കുന്ന വിഡിയോയാണ് റിജു ദത്ത പങ്കുവെച്ചത്. ‘ഇതുപോലെ സ്ത്രീവിരുദ്ധനായ ഒരാളെ തൃണമൂൽ കോൺഗ്രസിന്റെ ദേശീയ വക്താവായി നിയോഗിക്കാൻ മമതാ ബാനർജിക്ക് ലജ്ജയില്ലേ എന്ന് റിജു ദത്തയെ വിമർശിച്ചുകൊണ്ട് ബിജെപി എംപി ലോക്കറ്റ് ചാറ്റർജി ട്വീറ്റ് ചെയ്തു.