മധ്യപ്രദേശില്‍ വന്‍ സ്വീകരണം; പ്രചാരണത്തിലെ ആദ്യ അനുഭവമെന്ന് തരൂർ, കമൽനാഥിന് നന്ദിയറിയിച്ച് ട്വീറ്റ്
ഭോപാൽ: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്തിയ തരൂരിന് വമ്പന്‍ സ്വീകരണമൊരുക്കി മധ്യപ്രദേശ് പിസിസി. പ്രചാരണ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് ഉള്‍പ്പെടെ തരൂരിനെ സ്വീകരിക്കാനെത്തി. പ്രചാരണത്തിനിടെ ഇത് ആദ്യ അനുഭവമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. സ്വീകരണത്തിന് കമല്‍നാഥിന് നന്ദിയര്‍പ്പിച്ച തരൂര്‍ ട്വീറ്റ് ചെയ്തു. ഇതിനിടെ പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണെന്ന് മനീഷ് തിവാരി തുറന്നടിച്ചു.
അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കേ മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും പ്രചാരണം തുടരുകയാണ്. ഖാർഗെ ഇന്ന് തമിഴ്നാട്ടിലാണ് പ്രചാരണം നടത്തിയത്. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഖാർഗെ കൂടികാഴ്ച നടത്തി. അതേസമയം, ശശി തരൂർ ഇന്ന് മധ്യപ്രദേശിലും ബിഹാറിലുമാണ് വോട്ട് തേടിയത്. മധ്യപ്രദേശില്‍ വന്‍ സ്വീകരണമാണ് പിസിസി ശശി തരൂരിന് ഒരുക്കിയത്. പ്രചാരണത്തിനിടെ ആദ്യ അനുഭവമായിരുന്ന തരൂരിനിത്. ട്വിറ്ററിലൂടെ മധ്യപ്രദേശ് കോണ്‍ഗ്രസിന് തരൂര്‍ നന്ദിയറിയിച്ചു. ഏഴ് സംസ്ഥാനങ്ങളില്‍ പ്രമുഖ നേതാക്കള്‍ അവഗണിച്ചിടത്താണ് മധ്യപ്രദേശ് പിസിസി തരൂരിനെ വരവേറ്റത്.
പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളുടെ വന്‍ നിര തരൂരിനെ സ്വീകരിക്കാനെത്തിയിരുന്നു. കേരളത്തിലടക്കം പിസിസി അധ്യക്ഷന്മാര്‍ മാറി നിന്നെങ്കില്‍ മധ്യപ്രദേശ് പിസിസി പ്രസിഡന്‍റ് കമല്‍നാഥ് നേരിട്ടെത്തി ശശി തരൂരിന് ആശംസകള്‍ നേര്‍ന്നു. തരൂരുമായുള്ള കമല്‍നാഥിന്‍റെ അടുപ്പം, നിയമ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍, പാര്‍ട്ടിയില്‍ ഭിന്നത ഇല്ലെന്ന സന്ദേശം നല്‍കുക, ഇതാണ് ഖര്‍ഗെയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ച കമല്‍നാഥ് തരൂരിന് സ്വീകരണമൊരുക്കിയതിന് പിന്നിലെ കാരണങ്ങള്‍.
അതിനിടെ, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കുളള പിന്തുണ പരസ്യമാക്കി ഗ്രൂപ്പ് 23 രംഗത്തെത്തി. ഖര്‍ഗെയുടെ കൈകളില്‍ പാര്‍ട്ടി സുരക്ഷിതമായിരിക്കുമെന്ന് മനീഷ് തിവാരി പറഞ്ഞു. സ്ഥിരതയോടെ പാര്‍ട്ടിയെ നയിക്കാനുള്ള യോഗ്യത ഖര്‍ഗെക്കേയുള്ളൂവെന്ന് ഗാന്ധി കുടംബത്തിന്‍റെ വലിയ വിമര്‍ശനകനായിരുന്ന മനീഷ് തിവാരി തുറന്നടിച്ചു.