‘ജനാധിപത്യ പാര്‍ട്ടിയിൽ മത്സരം നല്ലത്’; അധ്യക്ഷനാവാൻ മത്സരിക്കുമെന്ന സൂചനയുമായി തരൂര്‍
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂര്‍ മത്സരിക്കാൻ സാധ്യത. തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിൽ നിന്നും ആരും മത്സരിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുറത്ത് നിന്നുള്ള ഒരാൾക്ക് സാധ്യത തെളിയുന്നത്. ഗാന്ധി കുടുംബത്തിൻ്റെ ആശീര്‍വാദത്തോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.
കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട ശശി തരൂര്‍ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും എന്നുള്ള വാര്‍ത്തകൾ തള്ളിയില്ല. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിക്കില്ലെന്ന് അവർ തന്നെ വ്യക്തമാക്കി കഴിഞ്ഞതാണെന്നുംസോണിയ ഗാന്ധിയുടെ ചുമലിൽ വലിയ ബാധ്യത കൊടുക്കുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു. ഒരു ജനാധിപത്യ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നല്ലതാണെന്നും തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും പറഞ്ഞ തരൂര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാൽ അതു പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പുറത്തു നിന്നൊരാൾ വരട്ടേയെന്നും കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് മൂന്നാഴ്ച കഴിഞ്ഞു കാണാം എന്നായിരുന്നു തരൂരിൻ്റെ മറുപടി.