‘അഥവാ തോറ്റാലും പാര്‍ലമെന്റ് നേതൃസ്ഥാനത്തേക്ക് പരിഗണിക്കണം’; ശശി തരൂരിനെ പിന്തുണച്ച് ആന്റോ ജോസഫ്
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ശശി തരൂരിനെ പിന്തുണച്ച് നിര്‍മാതാവ് ആന്റോ ജോസഫ്. ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് ഉയര്‍ത്തിക്കാട്ടാനാകുന്ന ഉജ്ജ്വലവ്യക്തിത്വമാണ് ശശി തരൂരെന്ന് ആന്റോ ജോസഫ് വിശേഷിപ്പിച്ചു. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അഥവാ അദ്ദേഹം തോറ്റാലും പാര്‍ലമെന്റിലെ നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് ആന്റോ ജോസഫ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
തരൂര്‍ മത്സരത്തില്‍ പരാജയപ്പെട്ടാലും ആ ആഗോളമുഖത്തെ ഉപയോഗപ്പെടുത്താനുള്ള അവസരം മുന്നിലുണ്ടെന്ന് ആന്റോ ജോസഫ് കുറിപ്പില്‍ പറയുന്നു. പാര്‍ലമെന്റിലെ നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ‘ഫ്ളോര്‍ ലീഡര്‍’ എന്ന പദവിയിലേക്ക് വരുന്നതോടെ പ്രതിപക്ഷസ്വരം കൂടുതല്‍ ദൃഢമാകും. തരൂരിന്റെ വാക്കുകള്‍ക്ക് ലോകം കാതോര്‍ക്കാറുണ്ടെന്നും തരൂര്‍ നയിക്കുമ്പോള്‍ വിശാലമായ പ്രതിപക്ഷഐക്യത്തിനുള്ള സാധ്യത കൂടി തുറന്നുവരികയാണെന്നും ആന്റോ ജോസഫ് കുറിച്ചു.