നവംബർ 1 മുതൽ മുംബൈയിൽ സീറ്റ് ബെൽറ്റ് നിർബന്ധം
നവംബർ 1 മുതൽ നാലുചക്ര വാഹനമോടിക്കുന്നവരും സഹയാത്രികരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കുമെന്ന് മുംബൈ പൊലീസ്. സുരക്ഷാ ബെൽറ്റ് ധരിക്കാതെ മോട്ടോർ വാഹനം ഓടിക്കുന്നതോ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്രക്കാരെ കയറ്റുന്നതോ ശിക്ഷാർഹമാണെന്ന് ഉത്തരവിൽ പറയുന്നു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
കാറിലുള്ള എല്ലാവരും സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം. മോട്ടോർ വാഹന നിയമത്തിലെ 194(ബി)(2) വകുപ്പ് പ്രകാരം 14 വയസ്സിന് താഴെയുള്ള കുട്ടി കാറിലുണ്ടെങ്കിൽ സുരക്ഷാ ബെൽറ്റും ധരിക്കണം. ഇല്ലെങ്കിൽ ആയിരം രൂപ പിഴ ഈടാക്കും. 2020 സെപ്തംബർ 1 ന് മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തുകൊണ്ട് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ചലാൻ തുക 100 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി. കാറിൽ മുൻവശത്ത് ഇരിക്കുന്ന രണ്ട് യാത്രക്കാർക്കും ഇത് ബാധകമാണ്.
1993 ലാണ് ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത്. 2002 ഒക്ടോബറിൽ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. സെപ്തംബർ 4 ന് ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രശസ്ത വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചത്. ആ സമയം കാറിന്റെ പിൻസീറ്റിൽ മിസ്ത്രി ഇരിക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.
കാർ ഹൈവേയിലെ മതിലിൽ ഇടിച്ചപ്പോൾ മിസ്ത്രിയും അദ്ദേഹത്തോടൊപ്പം ഇരുന്ന ജഹാംഗീർ പണ്ടോളും സീറ്റിൽ തലയിടിച്ച് മരിച്ചു. ഇതിന് പിന്നാലെയാണ് കാറിൽ പിൻസീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.