Monday, April 14, 2025
National

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറണം’; ശശി തരൂരിനെതിരെ തെലങ്കാന പിസിസി

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ശശി തരൂരിനെതിരെ പിസിസികള്‍. മത്സരത്തില്‍ നിന്ന് ശശി തരൂര്‍ പിന്മാറണമെന്ന് തെലങ്കാന പിസിസി ആവശ്യപ്പെട്ടു. ഹൈദരാബാദില്‍ തരൂരിന് വലിയ സ്വീകരണം ലഭിച്ചതിന് പിന്നാലെയാണ് പിസിസി അധ്യക്ഷന്‍ മല്ലു ഭട്ടി വിക്രത്തിന്റെ പരാമര്‍ശം.

പിസിസികള്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചോ എതിര്‍ത്തോ രംഗത്തെത്തരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതിയുടെ കര്‍ശന നിര്‍ദേശം. ഇത് ലംഘിച്ചാണ് തെലങ്കാന പിസിസി തരൂരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ കൂടി മൗനാനുവാദത്തോടെയാണ് പിസിസി ഇത്തരമൊരു തീരുമാനമെടുത്തതെന്ന ആരോപണം ശശി തരൂര്‍ വിഭാഗം ഉന്നയിക്കുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുന്നതായി അറിയിച്ചിരുന്നു. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ തന്റെ പിന്തുണ ഖാര്‍ഗെക്കാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

പിസിസികള്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള വേദിയാകരുതെന്ന് തരൂര്‍ അനുകൂലികളായ ഒരു വിഭാഗം എതിര്‍പ്പറിയിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യു നേതാക്കള്‍ പ്രതിഷേധമറിയിച്ചു. മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലും ഖാര്‍ഗെ അനുകൂല പ്രചാരണങ്ങള്‍ക്കെതിരെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *