നെഹ്‌റുവിന്റെ ചൈനാ പ്രേമം കാരണം ഇന്ത്യയ്ക്ക് പലതും ബലി കൊടുക്കേണ്ടി വന്നു; തവാങ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി
അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ ഇന്ത്യാ-ചൈന പട്ടാളക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രാഷ്ട്രീയ വിവാദം. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയില്‍ നിന്നും 1.35 കോടി കിട്ടിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. ഒരിക്കല്‍ കൂടി രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിയ്ക്കാന്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതായി കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം രാഷ്ട്രീയ വിവാദത്തിന് ഈ വിഷയം കാരണമാകുന്നതില്‍ ശശി തരൂര്‍ എം.പി വിയോജിപ്പ് അറിയിച്ചു.
കോണ്‍ഗ്രസിനെ രുക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആഭ്യന്തരമന്ത്രി അമിത്ഷാ ബി.ജെ.പി വാദങ്ങള്‍ അവതരിപ്പിച്ചത്. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയില്‍ നിന്നും 1.35 കോടി കിട്ടിയിട്ടുണ്ട്. വിദേശസംഭാവന നിയന്ത്രണചട്ടം ലംഘിച്ചതിനാല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. നെഹ്രുവിന്റെ ചൈനാ പ്രേമം കാരണം ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗത്വം ഇന്ത്യയ്ക്ക് ബലികൊടുക്കേണ്ടിവന്നതായും അമിത്ഷാ ആരോപിച്ചു.
ബിജെപിയുടെ രാജ്യരക്ഷാ വിഷയത്തിലെ താത്പര്യമില്ലായ്മ വ്യക്തമാക്കുന്ന ഒരു ഉദാഹരണം കൂടിയാണ് തവാങ് വിഷയമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. വീഴ്ചകള്‍ അംഗീകരിക്കാതെ എല്ലാവരെയും ചെളിവാരിയെറിഞ്ഞാല്‍ ജനങ്ങള്‍ക്ക് മനസിലാകും എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേ വ്യക്തമാക്കി. സൈനികര്‍ അതിര്‍ത്തിയില്‍ രാജ്യസുരക്ഷ ഉറപ്പാക്കിയ വിഷയം തര്‍ക്ക വിഷയമാകേണ്ടതല്ലെന്ന് ശശി തരൂര്‍ പ്രതികരിച്ചു.