രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് സംഭാവന സ്വീകരിച്ചു; ബി.ജെ.പി
രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ FCRA ലൈസൻസ് റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി. മൂന്ന് തവണ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷൻ സംഭാവന സ്വീകരിച്ചുവെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. ചൈനീസ് എംബസിയിൽ നിന്നാണ് സംഭാവന സ്വീകരിച്ചത്.
ബീജിങ് ഒളിമ്പിക്സിന് ഗാന്ധി കുടുംബം പോയപ്പോൾ ഷി ജിൻപിങ്ങും രാഹുൽ ഗാന്ധിയും തമ്മിൽ ധാരണാപത്രം ഒപ്പ് വച്ചു. എഴു മന്ത്രാലയങ്ങൾ രാജീവ് ഗാന്ധി ഫൗണ്ടേഷന് സാമ്പത്തിക സഹായം നൽകി. യുപിഎ ഭരണകാലത്ത് നടന്നത് ഗൗരവമുള്ള സാമ്പത്തിക ഇടപാടുകളാണ്. അഴിമതി ഉള്ള ഇടങ്ങളിലെല്ലാം അഴിമതി കുടുംബവും ഉണ്ട്. ഒരു ഉത്തരവാദിത്വവും ഇല്ലാതെ ഗാന്ധി കുടുംബം ആനുകൂല്യങ്ങൾ പറ്റുകയായിരുന്നു. സോണിയ ഗാന്ധിക്കെതിരെയും സംബിത് പത്ര ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
വിദേശ പണം സ്വീകരിച്ചതിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും (ആർജിഎഫ്) രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയത്. ആർജിഎഫിലെയും ആർജിസിടിയിലെയും ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐക്ക് കൈമാറാൻ സാധ്യതയുണ്ടെന്നാണ് സൂചന. സോണിയ ഗാന്ധിയാണ് ആർജിഎഫ്, ആർജിസിടിസി എന്നിവയുടെ അധ്യക്ഷ.