Thursday, January 9, 2025
World

കുടുംബത്തിന്റെ അംഗസംഖ്യ കൂട്ടിയാല്‍ മൂന്ന് ലക്ഷം തരാം; ജനനനിരക്കിലെ ഇടിവിനിടെ പ്രഖ്യാപനവുമായി ജപ്പാന്‍ സര്‍ക്കാര്‍

ജനനനിരക്ക് കുറഞ്ഞതോടെ പ്രത്യുല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ധനസഹായം പ്രഖ്യാപിച്ച് ജപ്പാന്‍ സര്‍ക്കാര്‍. കുടുംബത്തിന്റെ അംഗസംഖ്യ വര്‍ധിപ്പിച്ചാല്‍ മുന്‍പ് ബാങ്ക് വഴി നല്‍കിയിരുന്ന ധനസഹായ തുക വര്‍ധിപ്പിക്കുമെന്നാണ് ജപ്പാനിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

കുഞ്ഞ് ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് നിലവില്‍ 420,000 യെന്‍ ( 2,52,338 രൂപ) ആണ് ധനസഹായമായി നല്‍കി വരുന്നത്. ഇത് 500,000 യെന്‍ (3,00,402 രൂപ) ആയി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. 2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപനം നടപ്പിലാക്കുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷദ ഇക്കാര്യത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ജപ്പാനിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി കാട്‌സുലോബു കാറ്റോ പറഞ്ഞതായി ജപ്പാന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

2021ല്‍ സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം നൂറ്റാണ്ടില്‍ തന്നെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമാണ് ജപ്പാന്‍. ഇത് സൃഷ്ടിക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ മനസിലാക്കിയാണ് ഗ്രാന്റ് തുക കൂട്ടാനുള്ള സര്‍ക്കാരിന്റ നീക്കം. എന്നാല്‍ രാജ്യത്തെ ഉയര്‍ന്ന പ്രസവ ചെലവ് മൂലം ഗ്രാന്റായി ലഭിക്കുന്ന തുക മുഴുവന്‍ പ്രസവത്തോടെ തന്നെ തീരുമെന്നാണ് പൗരന്മാരുടെ പരാതി. ജപ്പാനില്‍ ഒരു പ്രസവം നടക്കുമ്പോള്‍ ശരാശരി 47300 യെന്‍ (2. 84 ലക്ഷം രൂപ) ചെലവാകും. അതിനാല്‍ സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനത്തില്‍ യുവാക്കള്‍ അത്ര പെട്ടെന്ന് ആകൃഷ്ടരാകാന്‍ വഴിയില്ലെന്നാണ് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *