രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം സര്‍ക്കാരുകളുള്ള പഴയൊരു പാര്‍ട്ടി മാത്രം; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ തട്ടകമായ ജോധ്പൂരില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം സര്‍ക്കാരുകളുള്ള പഴയ വലിയ പാര്‍ട്ടി മാത്രമാണ് കോണ്‍ഗ്രസ്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒന്നും അവശേഷിക്കിപ്പിക്കാതെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാന്‍ ഒഴികെയുള്ള നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനം ഛത്തീസ്ഗഢാണ്.
ഛത്തീസ്ഗഢിലും രാജസ്ഥാനിലും കൂടി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതോടെ കോണ്‍ഗ്രസ് അവസാനിക്കുമെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ ബഹുജന സമ്പര്‍ക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയെയും അമിത് ഷാ പരിഹസിച്ചു.
‘ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിച്ച 41000 രൂപ വിലയുള്ള ടീ ഷര്‍ട്ട് വിദേശ വസ്ത്രമാണ്. ഇന്ത്യ ഒരു രാജ്യമല്ലെന്ന് രാഹുല്‍ ഗാന്ധി ഒരിക്കല്‍ പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ പറയുകയുണ്ടായി. എത്രയോ ധീര ഹൃദയങ്ങള്‍ ത്യാഗം സഹിച്ച നാടാണിത്. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് രാഹുല്‍, രാജ്യത്തിന്റെ ചരിത്രം വായിക്കേണ്ടതുണ്ട്’. അമിത് ഷാ പറഞ്ഞു.
രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെലോട്ടിനെതിരെയും അമിത് ഷാ വിമര്‍ശനമുയര്‍ത്തി. ‘ഞാന്‍ ഇവിടെ വന്നത് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മ്മിക്കാനാണ്. യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനമായി 3500 രൂപ കൊടുക്കുമെന്ന് നിങ്ങള്‍ പറഞ്ഞിട്ടെന്തായി? 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിക്കെന്ത് സംഭവിച്ചു? കോണ്‍ഗ്രസിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനേ കഴിയൂ..അവ പാലിക്കാന്‍ കഴിയില്ല’. അമിത് ഷാ പറഞ്ഞു.