കർണാടക ഹലാൽ വിവാദത്തിൻ്റെ സൂത്രധാരൻ; സിടി രവിയും തോറ്റു
കർണാടക ഹലാൽ വിവാദത്തിൻ്റെ സൂത്രധാരനും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സിടി രവി പരാജയപ്പെട്ടു. ചിക്കമഗളൂരിൽ കോൺഗ്രസിൻ്റെ എച്ച്ഡി തിമ്മയ്യയ്ക്കെതിരെ 5926 വോട്ടുകൾക്കാണ് സിടി രവി പരാജയപ്പെട്ടത്. ഹലാൽ ഭക്ഷണം സാമ്പത്തിക ജിഹാദ് ആണെന്നാണ് സിടി രവി ആരോപിച്ചത്.
“ഹലാൽ എന്നാൽ സാമ്പത്തിക ജിഹാദാണ്. മുസ്‌ലിംകൾ മറ്റുള്ളവരുമായി കച്ചവടം നടത്താതിരിക്കാൻ ജിഹാദ് പോലെയാണ് ഇത് ഉപയോഗിക്കുന്നത്. ഹലാൽ മാംസം ഉപയോഗിക്കണമെന്ന് അവർ ചിന്തിക്കുമ്പോൾ, അത് ഉപയോഗിക്കരുത് എന്ന് മറ്റുള്ളവർ പറയുന്നതിൽ എന്താണ് തെറ്റ്?”- സിടി രവി കഴിഞ്ഞ വർഷം മാർച്ചിൽ പറഞ്ഞു.
മുസ്ലിങ്ങളുടെ ദൈവങ്ങൾക്കുള്ള ഹലാൽ മാംസം അവർക്ക് പ്രിയപ്പെട്ടതായിരിക്കും, ഹിന്ദുക്കൾക്ക് അങ്ങനെയല്ല എന്ന് സിടി രവി പറഞ്ഞു. അത് മറ്റൊരാളുടെ ബാക്കിയാണ്. മുസ്ലിങ്ങളൊഴികെ മറ്റാരും വാങ്ങാതിരിക്കാനാണ് ഹലാൽ ഭക്ഷണം ഉണ്ടാക്കുന്നത്. ഹിന്ദുക്കൾ മുസ്ലിങ്ങളിൽ നിന്ന് മാംസം വാങ്ങുന്നില്ലെങ്കിൽ ഹിന്ദുക്കൾ അവരിൽ നിന്ന് വാങ്ങണമെന്ന് നിർബന്ധിക്കുന്നതെങ്ങനെ എന്നും സിടി രവി ചോദിച്ചു. ഹലാൽ അല്ലാത്ത ഭക്ഷണം കഴിക്കാൻ മുസ്ലിങ്ങൾ തയ്യാറായാൽ, ഹിന്ദു സംഘടനകൾ ഹലാൽ മാംസം കഴിക്കുമെന്നും സിടി രവി കൂട്ടിച്ചേർത്തു.
2019 ഡിസംബറിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തവർക്കെതിരെയും സിടി രവി വിവാദ പരാമർശങ്ങൾ നടത്തി. സമരക്കാർ ഭരണഘടനയ്ക്കെതിരാണ്. ഇങ്ങനെയുള്ള ആളുകളാണ് ഗോധ്രയിൽ ട്രെയിനു തീവച്ചത്. ഗോധ്രയിൽ കർസേവകരെ കത്തിച്ചത് ഈ ചിന്താഗതിയുള്ള ആളുകളാണ്. ഞങ്ങൾ തിരിച്ചടിച്ചാൽ എന്ത് സംഭവിക്കുമെന്ന് അവർ കണ്ടതാണ്. ഭൂരിപക്ഷം ക്ഷമിച്ചിരിക്കുകയാണ്. അതിനർത്ഥം നിങ്ങൾക്ക് ആളുടെ പ്രകോപിപ്പിക്കാമെന്നല്ല എന്നും ഒരു ടെലിവിഷൻ ചർച്ചക്കിടെ സിടി രവി പറഞ്ഞു.
പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞിരുന്നു. പരാജയത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ല. പല കാരണങ്ങൾ ഉള്ളതിനാൽ ഈ പരാജയത്തെക്കുറിച്ച് സമഗ്രമായ ഒരു വിശകലം നടത്തേണ്ടതുണ്ടെന്നും ബൊമ്മെ പറഞ്ഞു.
“തെരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടങ്ങളിലാണ്. അങ്ങേയറ്റം ആദരവോടെയാണ് ഞാൻ ജനങ്ങളുടെ വിധിയെ സ്വീകരിക്കുന്നത്. ബിജെപിയുടെ തോൽവിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, മറ്റാർക്കും ഇതിൽ ഉത്തരവാദിത്തമില്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇതിന് വിവിധ കാരണങ്ങളുള്ളതിനാൽ ഈ തോൽവിയെക്കുറിച്ച് സമഗ്രമായ വിശകലനം നടത്തേണ്ടതുണ്ട്.”- ബൊമ്മെ പറഞ്ഞു.