തെക്കേ ഇന്ത്യയിൽ ബിജെപി ഒരിടത്തും ഇല്ല, ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കാനുണ്ട്: പിണറായി വിജയൻ
ശുഭ സൂചന നൽകുന്ന തെരെഞ്ഞെടുപ്പാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബിജെപി പ്രാധാന്യത്തോടെ കണ്ട തെരെഞ്ഞെടുപ്പാണ്. കർണാടകയിൽ എത്തിയ മോദി അരഡസൻ ഷോ നടത്തി.പക്ഷെ തോൽവി നേരിട്ടു. കണ്ണൂരില്‍ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രധാനമന്ത്രി കർണാടകയിൽ എത്തിയത് പത്ത് ദിവസമാണ്. ബിജെപി തോൽവിയുമായി പൊരുത്തപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ ദിവസം തെക്കേ ഇന്ത്യയിൽ ഒരിടത്തും ബിജെപി ഇല്ലാത്ത ദിവസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യം ബിജെപിയുടെ പതനം ആഗ്രഹിക്കുന്നു. ബിജെപി അധികാരത്തിൽ വന്നാൽ സർവനാശം സംഭവിക്കും. എന്നാൽ ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം. കോൺഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനാകില്ല.
കോൺഗ്രസ് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണം, ഇനിയെങ്കിലും ജാഗ്രത കാണിക്കണം. കോൺഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയപാർട്ടികൾ ആണ് അധികാരത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. മന്ത്രിമാര്‍ ഉള്‍പ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ക്ക് അടിതെറ്റി. കോണ്‍ഗ്രസ് 136 സീറ്റില്‍ മുന്നിലാണ്. ബി.ജെ.പി 62 സീറ്റിലും ജെ.ഡി.എസ് 21 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.