ഹിജാബ് നിരോധനത്തിൻ്റെ സൂത്രധാരൻ തോറ്റു; ഹിജാബ് സമരനായിക ജയിച്ചു: കർണാടകയുടെ നിലപാട് കൃത്യം
കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ സ്ഥാനാർത്ഥിയായിരുന്നു കനീസ് ഫാത്തിമ. ഹിജാബ് സമരത്തിന് മുന്നിൽ നിന്ന കോൺഗ്രസ് മുസ്ലിം എംഎൽഎ കനീസ് ഫാത്തിമ ഗുൽബർഗ നോർത്ത് മണ്ഡലത്തിലാണ് മത്സരിച്ചത്. 12841 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കനീസ് ഇവിടെനിന്ന് വിജയിച്ചു. ഇതിനോടൊപ്പം ചേർത്തുവെക്കേണ്ട ഒരു പേരാണ് ബിസി നാഗേഷ്. കർണാട മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാഗേഷ് തിപ്തുർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു. ഹിജാബ് നിരോധനത്തിൻ്റെ സൂത്രധാരനായിരുന്ന നാഗേഷ് പരാജയപ്പെട്ടു.
ഹിജാബ് വിവാദം കർണാടക രാഷ്ട്രീയത്തിൽ ഏറെ ചൂടുപിടിച്ച ചർച്ചയായിരുന്നു. സ്‌കൂളുകളിലും കോളജുകളിലും പെൺകുട്ടികളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കാനായിരുന്നു സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളും ശ്രമങ്ങളും. യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിച്ചോളമാമെന്ന് കോൺഗ്രസ് എംഎൽഎ പറഞ്ഞപ്പോഴും അത് വരെ പൂർണമായും ബിജെപി തള്ളിക്കളഞ്ഞു.
വിവാദങ്ങൾക്കിടെ ഹിജാബ് ധരിച്ചതിന് പുറത്താക്കപ്പെട്ട മുസ്ലിം പെൺകുട്ടികൾ ഉടുപ്പിയിലെ സർക്കാർ കോളജിലേക്ക് പ്രതിഷേധം നടത്തുകയുണ്ടായി. കനീസ് ഫാത്തിമയായിരുന്നു ഈ പ്രതിഷേധത്തിൽ വിദ്യാർത്ഥികൾക്കൊപ്പം നേതൃത്വനിരയിൽ അണിനിരന്നത്. പ്രതിഷേധം നടത്തുക മാത്രമല്ല, താൻ ഹിജാബ് ധരിച്ച് നിയമസഭയിൽ കയറുമെന്നും ബിജെപിക്ക് അത് തടയാമെങ്കിൽ തടഞ്ഞോളൂ എന്നും കനീസ വെല്ലുവിളിച്ചു. ഒടുവിൽ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപി സൃഷ്ടിച്ച ഹിജാബ് വിവാദത്തോടെ തന്നെ ആ വെല്ലുവിളി കോൺഗ്രസിന് അനുഗ്രഹമായി. ഗുൽബർഗ നോർത്ത് മണ്ഡലത്തിൽ ബിജെപിയുടെ ചന്ത്രകാന്താ പാട്ടീലിനെ മറികടന്നാണ് കനീസിൻ്റെ ജയം.
കർണാടക മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാഗേഷ് ആർ എസ് എസ് വേരുകളുള്ള നേതാവാണ്. 2021ൽ മന്ത്രിസഭയിലെത്തിയ നാഗേഷ് ഹിജാബിനെതിരെ പലതവണ രംഗത്തുവന്നു. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിൽ അനുവദിക്കരുതെന്ന് അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെ തുടർന്ന് നിരവധി പെൺകുട്ടികൾ പഠനം അവസാനിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹിജാബ് ധരിക്കരുതെന്ന നിയമമുള്ളതിനാൽ അധ്യാപകരും ഹിജാബ് ധരിക്കരുതെന്നും നാഗേഷ് നിലപാടെടുത്തിരുന്നു. ഹിജാബ് ധരിക്കുന്നവർക്ക് പരീക്ഷാ ഡ്യൂട്ടി നൽകില്ലെന്നും നാഗേഷ് വ്യംഗ്യമായി പ്രതികരിച്ചു. 2008, 2018 തെരഞ്ഞെടുപ്പുകളിൽ തിപ്തുരിൽ നിന്ന് വിജയിച്ചയാളാണ് നാഗേഷ്. ഇക്കുറി കോൺഗ്രസിൻ്റെ കെ ഷദാക്ഷരി നാഗേഷിനെ 17,652 വോട്ടുകൾക്ക് കെട്ടുകെട്ടിച്ചു.