അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഉച്ചയ്ക്ക് കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍…
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.
വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് ചോറിന്‍റെ അളവ് കുറച്ച് മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ചപ്പാത്തിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചോറിന് പകരം ചപ്പാത്തി കഴിക്കുന്നത് വയര്‍ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. അരിയാഹാരത്തില്‍ ഫൈബര്‍, ഫാറ്റ്, കലോറി എന്നിവ കൂടുതലാണ്. അതിനാല്‍ ചോറിന് പകരം രണ്ടോ മൂന്നോ ചപ്പാത്തി ഉച്ചയ്ക്ക് കഴിക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്.
രണ്ട്…
മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചോറ് കഴിക്കാതെ പറ്റില്ല എന്നുള്ളവര്‍ക്ക് ചോറിന്‍റെ അളവ് കുറച്ചതിന് ശേഷം ചോറിനൊപ്പം ഒരു മുട്ട കഴിക്കാം. ഉയർന്ന പ്രോട്ടീനും അമിനോ ആസിഡും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. അതിനാല്‍ ദിവസവും മുട്ട കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.
മൂന്ന്…
ക്യാരറ്റ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
നാല്…
ബീറ്റ്റൂട്ട് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം വിറ്റാമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
അഞ്ച്…
ഉച്ചയ്ക്ക് ഓട്സ് കഴിക്കുന്നതും നല്ലതാണ്. ഫൈബറിനാല്‍ സമ്പുഷ്ടമാണ് ഓട്ട്‌സ്. ഫൈബര്‍ ദഹനപ്രവര്‍ത്തനത്തെ ഏറ്റവുമധികം സുഗമമാക്കുന്ന ഘടകമാണ്. കലോറി കുറവായ ഭക്ഷണമായതിനാല്‍ ഓട്സ് വണ്ണം കൂടുമെന്ന പേടി വേണ്ട.
ആറ്…
ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൊഴുപ്പും കലോറിയും ഇവയില്‍ കുറവാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് ഗ്രീന്‍ പീസ് കഴിക്കാം.
ഏഴ്…
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് തൈര് കഴിക്കുന്നത് നല്ലതാണ്. ഇവ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നൂറ് ഗ്രാം തൈരിൽ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. തൈര് അമിത വിശപ്പ് ഇല്ലാതാക്കാൻ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
എട്ട്…
ഉച്ചയ്ക്ക് നട്സ് കഴിക്കുന്നതും നല്ലതാണ്. നട്സ് കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. ഫൈബറും പ്രോട്ടീനും ആവോളമടങ്ങിയ നട്സ് ഭാരം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, കശുവണ്ടി, നിലക്കടല, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.