രാഷ്ട്രപതിയായ ശേഷം ആദ്യ കര്‍ണാടക സന്ദര്‍ശനത്തിന് ദ്രൗപതി മുര്‍മു നാളെയെത്തും
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കര്‍ണാടകയില്‍ എത്തും. രാഷ്ട്രപതിയായ ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ കര്‍ണാടക സന്ദര്‍ശനമാണിത്.
നാളെ മുതല്‍ 28 വരെയുള്ള മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ 27ന് ബംഗളൂരുവിലെ സെന്റ് ജോസഫ് സര്‍വകലാശാല ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യും. കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ബംഗളുരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
ഇതേദിവസം തന്നെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ഇന്റഗ്രേറ്റഡ് ക്രയോജനിക് എഞ്ചിനുകളുടെ നിര്‍മ്മാണോദ്ഘാടനവും സോണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ തറക്കല്ലിടലും രാഷ്ട്രപതി നിര്‍വഹിക്കും.