ഇന്ത്യ ഏറ്റവും മികച്ച മൂന്നാമത്തെ സാമ്പത്തിക ശക്തികളിൽ ഒന്നാകും”: നിർമല സീതാരാമൻ
അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി പൊതു ചടങ്ങിൽ പങ്കെടുക്കവെയാണ് ധനമന്ത്രി ഈ പരാമർശം നടത്തിയത്.
ഇന്ത്യ അടുത്തിടെ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നുവെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. വരുന്ന 10 മുതൽ 15 വർഷത്തിനുള്ളിൽ രാജ്യം, ആഗോളതലത്തിൽ മികച്ച മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
ഒരു വിശ്വസ്ത പങ്കാളിയെന്ന നിലയിൽ യുഎസുമായുള്ള ബന്ധത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഇടയ്‌ക്കിടെയുണ്ടാകാറുള്ള സുപ്രധാനമായ ഇടപെടലുകളിലൂടെ ഇന്ത്യ-യുഎസ് ബന്ധത്തിന് പുതിയ മാനം ഉണ്ടായെന്നും അവ കൂടുതൽ ശക്തിപ്പെട്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.