Wednesday, January 8, 2025
National

‘ഗവർണർമാർ കേന്ദ്രസർക്കാർ അജണ്ടയുടെ ഭാഗം, രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാം’: സീതാറാം യെച്ചൂരി

ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വ അജണ്ട അടിച്ച് ഏൽപ്പിക്കാൻ ഉള്ള ശ്രമം നടക്കുന്നുവെന്നും, രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാമെന്നും സീതാറാം യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.

ആർ എസ് പി ദേശീയ സമ്മേളനത്തിലെ ഓപ്പൺ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതാറാം യെച്ചൂരിക്കൊപ്പം കോൺഗ്രസ് നേതാവ് ജയറാം രമേശ്, ഫോർവാർഡ് ബ്ളോക്ക് നേതാവ് ദേവരാജൻ എന്നിവരും പങ്കെടുത്തു.

വിശന്നു മരിച്ചാലും വിശ്വാസം കൈവിടാത്തവരാണ് ഇന്ത്യക്കാരെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിമാചലിൽ പ്രസംഗിച്ചത്. ഇത്തരം അന്ധവിശ്വാസങ്ങളും യുക്തിയില്ലായ്മകൾക്കുമെതിരെയാണ് പ്രവർത്തിക്കേണ്ടത്. ഇതിൽ നിന്നെല്ലാം രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാമെന്നും യെച്ചൂരി പറഞ്ഞു.

അയോധ്യ ക്ഷേത്ര നിർമ്മാണം‌‌‌ സർക്കാർ പദ്ധതി പോലെയാണ് നടത്തപ്പെടുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കുന്നു, നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. മിസോറാമിലും ഹിമാചലിലും കാണുന്നത്‌ ചെറുപാർട്ടികളെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ ചെറു പാർട്ടികൾക്ക് നിലനിൽക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *