Friday, April 25, 2025
National

മോദിക്കെതിരായ പരാമര്‍ശം, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിക്ക് സസ്പെൻഷൻ

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും അതിരൂക്ഷ വിമർശനമുന്നയിച്ച കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ ലോക്സഭയിൽ നിന്നും സസ്പെന്‍റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര മന്ത്രിമാര്‍ക്കുമെതിരായ പരാമർശങ്ങളിന്മേലാണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവിനെ സസ്പെൻഡ് ചെയ്തത്. ഇത് ആദ്യമായാണ് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് സഭയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെടുന്നത്

മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിനിടെ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയ വേളയിൽ അധീർ രഞ്ജൻ ചൗധരി നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് കാരണം. മണിപ്പൂർ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പറഞ്ഞ ചൗധരി, മണിപ്പൂരിലെ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അർത്ഥമില്ലെന്ന് ആദ്യം തന്നെ ഓർമ്മപ്പെടുത്തി. രാജാവ് അന്ധനാണെന്ന് പറഞ്ഞ അദ്ദേഹം, ധൃതരാഷ്ട്രർ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടതും ലോക്സഭയിൽ പരാമർശിച്ചു. ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടപ്പോൾ ധൃതരാഷ്ട്രർ അന്ധനായിരുന്ന പോലെ ഇന്നും രാജാവ് അന്ധനായിരിക്കുന്നുവെന്ന് ചൗധരി പറഞ്ഞതോടെ ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. താന്‍ ആരുടെയും പേര് പറഞ്ഞില്ലെന്ന് പറഞ്ഞ് തിരിച്ചടിച്ച അധിർ ര‌ഞ്ജൻ ചൗധരി, ഹസ്തിനപുരം ആണെങ്കിലും മണിപ്പൂർ ആണെങ്കിലും ഒരു വ്യത്യാസവുമില്ലെന്ന് കൂട്ടിച്ചേർത്തു.

ഇതോടെ സഭയിൽ എഴുന്നേറ്റ അമിത് ഷാ രാജ്യത്തെ പ്രധാനമന്തിയെ കുറിച്ച് മോശമായി പറയുന്നത് പ്രതിപക്ഷ നേതാവിന് ചേർന്നതല്ലെന്നും വിമര്‍ശിച്ചു. മോദിക്കില്ലാത്ത ദേഷ്യം അമിത് ഷായ്ക്ക് എന്തിനാണെന്നായിരുന്നു ചൗധരിയുടെ മറു ചോദ്യം. ശേഷം നീരവ് മോദിയെ പരാമർശിച്ചായിരുന്നു ചൗധരിയുടെ വിമർശനം. കോടികള്‍ മോഷ്ടിച്ച് നീരവ് മോദി കടന്നു കളഞ്ഞുവെന്നാണ് കരുതിയത്. എന്നാല്‍ മണിപ്പൂരിലെ സംഭവങ്ങള്‍ കണ്ടപ്പോള്‍ നീരവ് മോദി ഇന്ത്യയില്‍ ഉണ്ടെന്ന് മനസ്സിലായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നരേന്ദ്രമോദി, നീരവ് മോദിയായി മിണ്ടാതിരിക്കുന്നുവെന്ന വിമർശനമാണ് ചൗധരി മുന്നോട്ടുവച്ചത്. ഇതോടെ ഭരണ പ്രതിപക്ഷ ബഹളം ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *