സംഭവിച്ചത് നാക്ക് പിഴ; രാഷ്ട്രപതിയോട് മാപ്പ് പറഞ്ഞ് അധിർ രഞ്ജൻ ചൗധരി
രാഷ്ട്രപത്‌നി’ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരി. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ‘രാഷ്ട്രപത്‌നി’ എന്ന് വിളിച്ച പരാമർശത്തിലാണ് കോൺഗ്രസ് നേതാവിന്റെ മാപ്പപേക്ഷ.
നിങ്ങൾ വഹിക്കുന്ന സ്ഥാനത്തെ വിശേഷിപ്പിക്കുന്നതിനിടെ തെറ്റായ പദം ഉപയോഗിച്ചതിൽ ഞാൻ ഖേദിക്കുന്നു. അതൊരു നാക്ക് പിഴയായിരുന്നുവെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഞാൻ മാപ്പ് ചോദിക്കുന്നു. എന്റെ മാപ്പ് അപേക്ഷ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു’- അധിർ രഞ്ജൻ ചൗധരി രാഷ്ട്രപതിക്കെഴുതിയ കത്തിൽ പറയുന്നു.
രാഷ്ട്രപതിയെ ‘രാഷ്ട്രപത്‌നി’ എന്നായിരുന്നു അധിർ രഞ്ജൻ ചൗധരി വിശേഷിപ്പിച്ചത്. ഈ പരാമർശത്തിന് പിന്നാലെ പ്രതിഷേധം ആളിക്കത്തി. അധിർ രഞ്ജൻ ചൗധരിയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തനിക്ക് നാക്ക് പിഴ സംഭവിച്ചതാണെന്ന് അധിർ രഞ്ജൻ ചൗധരി സഭയിൽ പറഞ്ഞിരുന്നു. എന്നാൽ രാഷ്ട്രപതിയെ മനഃപൂർവം അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നാക്ക് പിഴയായി കാണാൻ സാധിക്കില്ലെന്നുമാണ് ബിജെപി പറഞ്ഞത്.