Wednesday, April 16, 2025
Kerala

‘പാര്‍ട്ടിക്ക് വേണ്ടി സിഎംആ‍ര്‍എല്ലിൽ നിന്നും പണം വാങ്ങി, തുക ഓര്‍മ്മയില്ല’; ഒടുവിൽ സമ്മതിച്ച് ചെന്നിത്തല

തിരുവനന്തപുരം: തന്റെ പേരടക്കമുള്ള രേഖകൾ പുറത്ത് വന്നതോടെ സിഎംആ‍ര്‍എല്ലിൽ നിന്നും പണം വാങ്ങിയെന്ന് സമ്മതിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്ക് വേണ്ടി കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയതെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം. പ്രത്യുപകാരമായി ശശിധരൻ ക‍ര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്ത് നൽകിയിട്ടില്ലെന്നും എന്ത് ഉദ്ദേശം വച്ചാണ് ക‍ര്‍ത്ത സംഭാവന നൽകിയതെന്നറിയില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. താൻ ഈ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ല. വീണയ്ക്ക് പണം നൽകിയത് അഴിമതി തന്നെയാണ്. ഞാൻ പണം വാങ്ങിയത് പാ‍ര്‍ട്ടിക്ക് വേണ്ടിയാണ്. കർത്തയെ പോലുളളവരോട് പണം വാങ്ങിക്കരുതെന്ന വിഎം സുധീരന്റെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.

പുതുപ്പള്ളിച്ചൂടുയരുന്നതിനിടെയാണ് രാഷ്ട്രീയകേന്ദ്രങ്ങളെ പിടിച്ചുകുലുക്കി മാസപ്പടി വിവരം പുറത്തുവരുന്നത്. സിഎംആർഎലിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി കിട്ടിയെന്ന ആദായ നികുതി തർക്കപരിഹാര ബോർഡിന്റെ വിവരം ആവേശത്തോടെയാണ് പ്രതിപക്ഷം ആദ്യം ഏറ്റെടുത്തിരുന്നത്. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ അഴിമതി എന്ന നിലക്കായിരുന്നു പ്രതിപക്ഷം വിഷയം കത്തിക്കാനൊരുങ്ങിയത്.

പിന്നീട് പണം നൽകിയവരുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നതോടെ യുഡിഎഫ് യൂ ടേൺ അടിച്ചു. സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പണം നൽകിയതായി പറയുന്നവരെ ചുരുക്കപ്പേരായി രേഖയിൽ കുറിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് വിശദാംശങ്ങൾ തേടിയപ്പോൾ പിണറായി വിജയന്റെ പേരിനൊപ്പം, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പേരുകളും കാണിക്കുന്നുണ്ട്. ഇതോടെ യുഡിഎഫ് പിൻമാറി.
നിയമസഭയിൽ വിഷയം അവതരിപ്പിക്കാൻ പോലും പ്രതിപക്ഷം തയ്യാറായില്ല. ഒടുവിൽ മാത്യു കുഴൽനാടനാണ് വിഷയം മറ്റൊരു ബിൽ പരിഗണിക്കുന്ന വേളയിൽ സഭയിൽ ഉയ‍ര്‍ത്തിയത്. എന്നാൽ പ്രതിപക്ഷം കുഴൽനാടനെ പിന്തുണച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *