മോദിക്ക് ശവക്കല്ലറ പണിയുമെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാർ; മോദിക്കെതിരായ ‘വിഷപ്പാമ്പ്’ പരാമര്‍ശത്തിനെതിരെ അമിത്ഷാ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് അമിത്ഷാ. മോദിക്ക് ശവക്കല്ലറ പണിയുമെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍ . സോണിയാഗാന്ധി മരണത്തിന്റെ വ്യാപാരിയെന്നും പ്രിയങ്ക താഴ്ന്ന ജാതിയിൽപ്പെട്ട വ്യക്തിയെന്നും വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സമനില തെറ്റി. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നിടത്തോളം അദ്ദേഹത്തിന്റെ പിന്തുണ വർദ്ധിക്കുന്നതാണ് കണ്ടിട്ടുള്ളത്. കര്‍ണ്ണാടകത്തിലും അത് തന്നെ സംഭവിക്കുമെന്നും അമിത്ഷാ പ്രതികരിച്ചു.
ഇന്നലെ കര്‍ണാടകയില്‍ പ്രചരണത്തിനിടെയായിരുന്നു ഖര്‍ഗെയുടെ വിവാദ പരാമര്‍ശം.മോദിയപ്പോലുള്ള മനുഷ്യന്‍ തരുന്നത് വിഷമല്ലെന്ന് നിങ്ങള്‍ ധരിച്ചേക്കാം.പക്ഷെ മോദി വിഷപ്പാമ്പിനെപ്പോലെയാണ്. രുചിച്ച് നോക്കിയാല്‍ മരിച്ചുപോകും എന്നായിരുന്നു ഖര്‍ഗെയുടെ പ്രസംഗം. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അവഹേളിച്ച പ്രസ്താവനക്കെതിരെ ബിജെപി രംഗത്തുവന്നതോടെ ,തന്‍റെ പ്രസ്താവന ആരെയെങ്കിലും വേദിനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഖര്‍ഗെ വ്യക്തമാക്കിയിരുന്നു.
അതേസമയം കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ ഇരുമുന്നണികളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാണ്. ഇതിനിടെയാണ് മല്ലികാർജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശം ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്.