മോദിക്കെതിരായ പരാമർശം: കോൺഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തവളത്തിൽ നിന്ന് ഇറക്കിവിട്ടു
ഡൽഹി വിമാനത്തവളത്തിൽ നാടകീയ രംഗങ്ങൾ. കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. കോൺഗ്രസ് നേതാവിനെതിരെ കേസുള്ളതിനാലാണ് തടഞ്ഞതെന്ന് അധികൃതരുടെ വിശദീകരണം. വിമാനത്തിന് പുറത്തത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കെതിരെ ഖേര നടത്തിയ പരാമർശം വിവാദമായിരുന്നു.
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ നിന്ന് റായ്പൂരിലേക്ക് പോകുകയായിരുന്നു പവൻ ഖേര. കോൺഗ്രസ് പ്രതിനിധി സംഘം ഇൻഡിഗോ വിമാനത്തിൽ കയറാനൊരുങ്ങുമ്പോഴായിരുന്നു സംഭവം. ഖേരയെ തടഞ്ഞ അധികൃതർ, ഇൻഡിഗോ 6E204 വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇവരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ശ്രമിച്ചതായി സൂചനയുണ്ട്. ഈ നടപടിയിൽ പ്രതിഷേധിച്ച് വിമാനത്തിലുണ്ടായിരുന്ന മറ്റ് കോൺഗ്രസ് നേതാക്കൾ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ച് വിമാനത്തിൽ നിന്ന് ഇറങ്ങി. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ കോൺഗ്രസ് നേതാക്കളായ സുപ്രിയ ശ്രീനേറ്റ്, രൺദീപ് സിങ് സുർജേവാല, കെ.സി വേണുഗോപാൽ എന്നിവരെയും പ്രതിനിധി സംഘത്തിൽ കാണാം.
അടുത്തിടെ ഗൗതം അദാനി വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് നടത്തിയ പത്രസമ്മേളനത്തിൽ നരേന്ദ്ര ദാമോദർ ദാസ് മോദിയെ ‘നരേന്ദ്ര ഗൗതംദാസ് മോദി’ എന്ന് പവൻ ഖേര വിശേഷിപ്പിച്ചിരുന്നു. പിന്നാലെ രൂക്ഷ വിമർശനമാണ് ബിജെപി ഉന്നയിച്ചത്.