ഹിമാചലില്‍ നാടകീയ രംഗങ്ങള്‍; മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഉടന്‍
ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഉടന്‍ ചേരും. ഷിംലയിലാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം. അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്രസിംഗിന്റെ ഭാര്യ പ്രതിഭാ സിംഗ്, ഹിമാചല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുഖ്‌വീന്ദര്‍ സിംഗ് എന്നിവര്‍ക്കാണ് സാധ്യത.
സുഖ്‌വീന്ദര്‍ സിംഗിന് ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കിലും പ്രതിഭാ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനോടാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് താത്പര്യം. പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. പിസിസി ആസ്ഥാനത്ത് പ്രതിഭാ സിംഗ് അനുകൂലികള്‍ മുദ്രാവാക്യം വിളിക്കുകയാണ്. താക്കൂര്‍ അല്ലെങ്കില്‍ ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയാകുന്നതാണ് ഹിമാചലില്‍ പതിവ്. നദൗന്‍ മണ്ഡലത്തില്‍ നിന്ന് സുഖ്വീന്ദര്‍ സിങിന് തന്നെയാണ് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ളത്.
വീരഭദ്ര സിംഗിന്റെ തുടര്‍ച്ചക്കായി ഭാര്യ പ്രതിഭ സിംഗിനെ മുഖ്യമന്ത്രി ആക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. പാര്‍ട്ടിയെ വിജയത്തിലേക്കെത്തിച്ചതില്‍ വലിയ പങ്കുള്ളതിനാല്‍ പിസിസി അധ്യക്ഷ പ്രതിഭ സിങ്ങിന്റെ നിലപാടും നിര്‍ണായകമാണ്.