Monday, January 6, 2025
Kerala

’27-ാമത് ചലച്ചിത്രമേളയ്ക്ക് തലസ്ഥാന നഗരിയിൽ തുടക്കം’, ഇറാനിലെ പ്രതിഷേധത്തിന് വേദിയിൽ പിന്തുണ

27-ാമത് അന്താരാഷ്ര ചലച്ചിത്രമേളയ്ക്ക് തലസ്ഥാന നഗരിയിൽ തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിളക്കിൽ ദീപങ്ങൾ തെളിക്കുന്നത് ഒഴിവാക്കി ആര്‍ച്ച് ലൈറ്റുകള്‍ കാണികള്‍ക്ക് നേരെ തെളിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.

സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം മെഹ്നാസ് മുഹമ്മദിക്ക്. ഇറാനിൽ സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന സംവിധായികയാണ് മെഹ്നാസ്. ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയിൽ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരിയാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ഇറാനിലെ പ്രതിഷേധത്തിന് ഗ്രീക്ക് ചലച്ചിത്രകാരി പിന്തുണ നൽകിയത്.

ചലച്ചിത്ര മേളയ്ക്ക് ലഭിക്കുന്നത് വമ്പിച്ച സ്വീകാര്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചലച്ചിത്ര മേളകളെ ചിലർ സങ്കുചിത ചിന്തകൾ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് ചലചിത്രമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭയരഹിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. അത് ഉറപ്പാക്കുന്ന വേദികളാകണം ചലച്ചിത്ര മേളകളെന്നും ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *