Monday, January 6, 2025
Kerala

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല; ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്ന് സിപിഐഎം

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സിപിഐഎം. രാഷ്ട്രീയത്തില്‍ സ്ഥിരമായ ഒരു ശത്രുവില്ലെന്നും ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ യോജിക്കാവുന്ന നിലപാടുകള്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടികള്‍ക്കുണ്ട്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അനുസരിച്ചായിരിക്കും യോജിപ്പുകള്‍. എന്നാല്‍ അത് രാഷ്ട്രീയ കൂട്ടുകെട്ടല്ല. യുഡിഎഫ് തകരണമെന്ന് എല്‍ഡിഎഫിന് ആഗ്രഹമില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം കെപിസിസി പ്രസിഡന്റിന് ആര്‍എസ്എസിന്റെ നിലപാടാണെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗും ആര്‍എസ്പിയും സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നു. സര്‍വകലാശാലകളില്‍ കാവിവത്കരണത്തിന് ശ്രമമാണ്. വിഴിഞ്ഞം വിഷയത്തില്‍ കൃത്യമായ നിലപാടാണ് ആദ്യം മുതല്‍ എല്‍ഡിഎഫ് എടുത്തത്. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനായിരുന്നു യുഡിഎഫിന്റെ ശ്രമം. എന്നാല്‍ അവിടെയും അവര്‍ക്ക് തിരിച്ചടിയുണ്ടായെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ പല വിഷയത്തിലുമുള്ള നിലപാട് സംസ്ഥാനത്തിന് എതിരാണ്. സാമ്പത്തിക രംഗത്ത് ദോഷകരമായ ഇടപെടലാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ യുഡിഎഫ് എംപിമാര്‍ കേരളത്തിന് വേണ്ടി സംസാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *