ഹിമമുടിയില്‍ കോണ്‍ഗ്രസ് ഗാഥ; ഇതള്‍ പൊഴിഞ്ഞ് താമര
ഭരണമാറ്റം എന്ന ട്രെന്‍ഡിനേയും കോണ്‍ഗ്രസിനേയും കൈ വിടാതെ ഹിമാചല്‍ പ്രദേശ്. ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളില്‍ 39 സീറ്റുകളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 26 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഹിമാചലില്‍ നിലം തൊടാന്‍ സാധിക്കുന്നില്ല. അതേസമയം മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഹിമാചലില്‍ ലീഡ് ചെയ്യുന്നുണ്ട്.
പ്രിയങ്കാ ഗാന്ധിയുടെ ശക്തമായ പ്രചരണം ഉള്‍പ്പെടെ ഹിമാചലില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തല്‍. തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് ഹിമാചല്‍ പ്രദേശ് ആശ്വാസത്തിന്റെ കുളിര് പകരുകയാണ്.
ലീഡ് ചെയ്യുന്ന വിമതരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനായി ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓപ്പറേഷന്‍ താമരയ്‌ക്കെതിരെ എഐസിസിയും കടുത്ത ജാഗ്രതയിലാണ്. ഹിമാചല്‍ പ്രദേശില്‍ കരുതലോടെ നീങ്ങാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫലം കോണ്‍ഗ്രസിന് അനുകൂലമെങ്കില്‍ എംഎല്‍എമാരെ സംസ്ഥാനത്തുനിന്ന് മാറ്റും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് എംഎല്‍എമാരെ മാറ്റാനാണ് നീക്കം നടക്കുന്നത്. വിജയിക്കുന്ന എംഎല്‍എമാര്‍ ഉടനടി ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിംഗ് ഹൂഡയുമായി ബന്ധപ്പെടണം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനേയും ജയിച്ച എംഎല്‍എമാരെ സംരക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ചുമതലപ്പെടുത്തിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നുണ്ട്.