കോണ്‍ഗ്രസിന്‍റെ നിര്‍ണായക നേതൃയോഗം ഇന്ന് ഡൽഹിയിൽ
കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ നടക്കും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംഘടന തെരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലെ വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയാകും. ഉച്ചയ്ക്ക് ശേഷം എഐസിസിയിലാണ് യോഗം.
അതേസമയം സ്വകാര്യ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയി. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടിയുടെ നിര്‍ണായക യോഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് യാത്ര തിരിച്ച രാഹുല്‍ ഞായറാഴ്ചയോടെ മടങ്ങിയെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ജൂലായ് 18ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും രാഷ്ട്രപതി തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം. രാഹുലിന്റെ വിദേശയാത്ര സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. രാഹുലിന്റെ തുടര്‍ച്ചയായ വിദേശ സന്ദര്‍ശനങ്ങളെ ബിജെപി നിരന്തരം വിമര്‍ശിച്ചിരുന്നു.