പൈലറ്റിന് വഴിയൊരുങ്ങുമോ? രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ഇന്നറിയാം
രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ഏഴിന് ജയ്പൂരില്‍ നടക്കും. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാനാണ് സാധ്യത. അജയ് മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തില്‍ പങ്കെടുക്കും.
എംഎല്‍എമാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് നിരീക്ഷണ ചുമതല. നേരത്തെ അജയ് മാക്കന്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് ഒരു വിഭാഗം എംഎല്‍എമാര്‍ പ്രതികരിക്കുന്നുണ്ടെങ്കിലും എതിര്‍പ്പുമായി ഗെഹ്‌ലോട്ട് രംഗത്തുണ്ട്. അടുത്ത മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പാര്‍ട്ടി എംഎല്‍എമാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഗെഹ്ലോട്ട് പറഞ്ഞതിന് പിന്നാലെ, പൈലറ്റ് എല്ലാ നിയമസഭാംഗങ്ങളെയും സമീപിച്ച് പിന്തുണ തേടാനുള്ള ശ്രമത്തിലാണ്.
വെള്ളിയാഴ്ച സ്പീക്കര്‍ സി പി ജോഷിയുമായും പാര്‍ട്ടി ചീഫ് വിപ്പ് മഹേഷ് ജോഷിയുമായും പൈലറ്റ് സ്പീക്കറുടെ ചേംബറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ജയ്പൂരില്‍ തന്നെ തുടരാനും എം.എല്‍.എമാരെ കാണാനും പാര്‍ട്ടി ഉന്നതര്‍ പൈലറ്റിനോട് ആവശ്യപ്പെട്ടതായാണ് വിവരം.