Sunday, January 5, 2025
National

ഡൽഹിയിൽ മോഷണശ്രമത്തിനിടെ പതിനാറുകാരി പീഡനത്തിനിരയായി

രാജ്യതലസ്ഥാനത്ത് പതിനാറുകാരി പീഡനത്തിനിരയായി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിൽ ചൊവ്വാഴ്ചയാണ് സംഭവം. മോഷണത്തിനിടെ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്നാണ് പരാതി. നിലവിൽ ബലാത്സംഗത്തിനും കവർച്ചയ്ക്കും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അശോക് വിഹാറിലെ എംസിഡി സ്കൂൾ കോംപ്ലക്‌സിനുള്ളിൽ വച്ചായിരുന്നു പീഡനം. സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇരയുടെ മാതാപിതാക്കൾ. സ്കൂൾ കുറച്ച് ദിവസത്തേക്ക് അടച്ചിട്ടിരുന്നുവെങ്കിലും ഇവർ കോംപ്ലക്‌സിനുള്ളിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ദമ്പതികൾ ജോലിക്കായി മറ്റൊരിടത്തേക്ക് പോയിരുന്നു. രണ്ട് പെൺമക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

രാവിലെ 11.30 ഓടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി വീട്ടിൽ അതിക്രമിച്ചു കയറി. മോഷണ ശ്രമത്തിനിടെ ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും 18 വയസ്സുള്ള സഹോദരിയെയും കണ്ടു. സാഹചര്യം മുതലെടുത്ത ആൺകുട്ടി പെൺകുട്ടികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും, 16 കാരിയെ കെട്ടിടത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

ഇരയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഉചിതമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ കുട്ടിയെ പിടികൂടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *