കൂട്ടബലാത്സംഗം ചെറുക്കാൻ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി; പെൺകുട്ടി ഗുരുതരാവസ്ഥയിൽ
കൂട്ടബലാത്സംഗ ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി. ഒഡീഷയിലെ ജാജ്പൂരിലാണ് 5 പേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്. അതേസമയം പ്രതികളെ കലിംഗനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഇര ഇളയ സഹോദരനൊപ്പം കലിയപാനിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ജംഫാനിൽ നിന്നുള്ള 5 യുവാക്കൾ ഇവരെ തടഞ്ഞു നിർത്തി. ബലമായി ഒരു പ്രാദേശിക സ്കൂളിന്റെ ടെറസിൽ എത്തിച്ചു. രാത്രി വൈകി സംഘം ഇരയുടെ സഹോദരനെ ക്രൂരമായി മർദിച്ചു. ശേഷം പെൺകുട്ടിയെ ചവിട്ടി വീഴ്ത്തുകയും ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ബലാത്സംഗശ്രമം ചെറുക്കാനായി പെൺകുട്ടി മേൽക്കൂരയിൽ നിന്ന് ചാടി. സഹായത്തിനായുള്ള സഹോദരന്റെ നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തെത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അഞ്ച് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.