ജാർഖണ്ഡിൽ രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ വീട്ടിൽ ഇഡി-ഐടി റെയ്ഡ്
ജാർഖണ്ഡിലെ രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ വസതിയിൽ ഇഡി-ആദായനികുതി വകുപ്പുകളുടെ സംയുക്ത റെയ്ഡ്. എംഎൽഎമാരായ കുമാർ ജയമംഗല് സിംഗ്, പ്രദീപ് യാദവ് എന്നിവരുടെയും കൂട്ടാളികളുടെയും വീടുകളിലാണ് പരിശോധന. അനധികൃത ഖനന കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് മൂന്നാഴ്ചത്തെ സമയം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
പ്രദീപ് യാദവ് പൌഡയ്യഹട്ടിൽ നിന്നുള്ള എംഎൽഎയും കുമാർ ജയ്മംഗൾ സിംഗ് ബെർമോയിൽ നിന്നുള്ള എംഎൽഎയുമാണ്. കൽക്കരി വ്യവസായി അജയ് കുമാർ സിംഗിൻ്റെ വീട്ടിലും ഇഡി സംഘം റെയ്ഡ് നടത്തി. എം.എൽ.എ അനൂപ് സിംഗുമായി അടുപ്പമുള്ളയാളാണ് അജയ്. ശിവശങ്കർ യാദവിനെതിരെയും റെയ്ഡ് നടന്നിട്ടുണ്ട്.
കോൺഗ്രസ് നേതാക്കളെ കൂടാതെ റാഞ്ചിയിലെ ന്യൂക്ലിയസ് മാൾ ഉടമ വിഷ്ണു അഗർവാളിന്റെ സ്ഥലങ്ങളിലും റെയ്ഡ് നടക്കുകയാണ്. എട്ട് വാഹനങ്ങളിലായാണ് ടീമുകൾ റാഞ്ചിയിലെത്തിയത്. ഗോഡ്ഡ, റാഞ്ചിയിലെ കാങ്കെ റോഡ്, ഡൊറണ്ട എന്നിവിടങ്ങളിലെ രണ്ട് എംഎൽഎമാരുടെയും ഒമ്പത് സ്ഥലങ്ങളിൽ സംഘം റെയ്ഡ് നടത്തി.