ജാതിയുടെ പേരിൽ ക്ഷേത്രത്തിൽ നിന്നു പുറത്താക്കി; യുവതിയുടെ വീട്ടിലെത്തി സ്റ്റാലിൻ
ക്ഷേത്രങ്ങൾ സർക്കാർ നൽകുന്ന അന്നദാനം ജാതിയുടെ പേരിൽ നിഷേധിച്ച യുവതിയുടെ വീട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരിട്ടെത്തി. നരിക്കുറവ വിഭാഗത്തിൽപെട്ട അശ്വിനിയെയാണു മാമല്ലപുരത്തെ ഒരു ക്ഷേത്രത്തിൽ നിന്നു ഭക്ഷണം നിഷേധിച്ച് ഇറക്കി വിട്ടത്. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാൻ പോലും യുവതിയെ അനുവദിച്ചില്ല. ബാക്കിയുള്ള ഭക്ഷണം ക്ഷേത്രത്തിന് വെളിയിൽ വെച്ച് നൽകാമെന്നായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാട്.
ദേവസ്വം വകുപ്പിന് കീഴിലുള്ള സ്ഥലശയന പെരുമാൾ ക്ഷേത്രത്തിലാണ് നരിക്കുറവയാണെന്ന് ആരോപിച്ച് യുവതിക്ക് ഭക്ഷണം നിഷേധിച്ചത്. ഇതോടെ മുഖ്യമന്ത്രി നേരിട്ട് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. ചെങ്കൽപേട്ട് ജില്ലയിലെ മാമല്ലപുരത്ത് നരിക്കുറവ, ഇരുള സമുദായങ്ങളിൽപ്പെട്ടവർ താമസിക്കുന്ന പൂഞ്ചേരിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ സ്റ്റാലിൻ അശ്വിനിയുടെ ക്ഷണം സ്വീകരിച്ചാണ് വീട്ടിലെത്തിയത്.
പ്രദേശത്തെ 81 നരിക്കുറവർ-ഇരുളർ കുടുംബങ്ങൾക്ക് സ്റ്റാലിൻ പട്ടയം നൽകി. അംഗനവാടി, പഞ്ചായത്ത് യൂണിയൻ സ്‌കൂൾ എന്നിവ നിർമ്മിക്കാനും 10 ലക്ഷം രൂപയുടെ വികസനക്ഷേമപ്രവർത്തനങ്ങൾ പ്രദേശത്ത് നടത്താനും തമിഴ്നാട് മുഖ്യമന്ത്രി ഉത്തരവിട്ടു. നേരത്തെ യുവതിക്കൊപ്പമിരുന്ന് അതേ ക്ഷേത്രത്തിലെ അന്നദാനത്തിൽ തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു പങ്കെടുത്തിരുന്നു.
സർക്കാർ നിയന്ത്രണത്തിലുള്ള പല ക്ഷേത്രങ്ങളിലും ഒരു ദിവസം ഒരു ലക്ഷത്തിലധികം പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. 10 മുതൽ 5000 പേരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ 800 റോളം ക്ഷേത്രങ്ങളുടെ പൊതു അക്കൗണ്ടിൽ നിന്നാണ് ഇതിനായുള്ള പണം നൽകുന്നത്.