Sunday, January 5, 2025
Health

രാത്രി പഴം കഴിയ്ക്കുന്ന ശീലമുണ്ടോ; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

 

രാത്രി പഴം കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. അങ്ങനെയുള്ളവര്‍ ചില സത്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
പ്രത്യേകിച്ച്‌ അത്താഴശേഷം കഴിയ്ക്കുന്നവര്‍ ധാരാളമുണ്ട്‌. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്‌ക്കാം. എന്നാല്‍ അത്താഴശേഷം ഇതു കഴിയ്ക്കുമ്പോള്‍ പിറ്റേന്നു രാവിലെയുള്ള നല്ല ശോധന എന്ന ഉദ്ദേശം ആണ് പലര്‍ക്കും.

ഓരോ സമയത്തും പഴം കഴിയ്ക്കുമ്പോൾ ഗുണങ്ങള്‍ പലതാണ്‌. അത്താഴശേഷവും ഗുണങ്ങളില്‍ വ്യത്യാസമുണ്ട്‌. അത്താഴശേഷം പഴം കഴിയ്‌ക്കുമ്പോള്‍ എന്തു സംഭവിയ്‌ക്കുന്നുവെന്നു നോക്കാം.

പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ് പഴം. ഇത് ബിപി കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌. പ്രത്യേകിച്ച്‌ ഉറക്കത്തില്‍ ബിപി നിയന്ത്രിച്ച്‌ ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കും. പഴം രാത്രിയില്‍ കഴിയ്‌ക്കുമ്പോള്‍ വൈറ്റമിന്‍ ബി 6 കൂടുതല്‍ ലഭിയ്‌ക്കും. ശരീരത്തില്‍ ഉപാപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു വൈറ്റമിനാണിത്‌. എന്നു പറഞ്ഞാല്‍ ഉറക്കത്തില്‍ തടി കുറയ്‌ക്കാന്‍ സഹായിക്കുമെന്നര്‍ത്ഥം.

മസില്‍ വേദന പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്‌. രാത്രിയില്‍ പഴം കഴിയ്‌ക്കുന്നത്‌ ശരീരത്തിലെ ഇലക്‌ട്രോളൈറ്റുകളുടെ അളവു കാത്തു സൂക്ഷിയ്‌ക്കുന്നു. ഇതുവഴി മസില്‍ വേദനയകറ്റും. പഴത്തിലെ ഫൈബര്‍ ദഹനത്തെ സഹായിക്കുകയും രാവിലെ നല്ല ശോധനയുണ്ടാക്കുകയും ചെയ്യും.

രാത്രിയില്‍ രക്തത്തിലെ ഗ്ലൂക്കോസ്‌ തോതുയരാതിരിയ്‌ക്കാനും ടൈപ്പ്‌ 2 പ്രമേഹം ഇതുവഴി നിയന്ത്രിയ്‌ക്കുന്നതിനും പഴം ഏറെ നല്ലതാണ്‌. വയറ്റില്‍ ആസിഡ്‌ ഉല്‍പാദനം തടയാന്‍ പഴം നല്ലതാണ്‌. പ്രത്യേകിച്ച്‌ രാത്രി ഭക്ഷണം അസിഡിറ്റിയുള്ളതെങ്കില്‍ വയറ്റിലെ അള്‍സറുണ്ടാക്കുന്ന ബാക്ടീരിയകളെ തടയാനും പഴത്തിനു കഴിയും.

ഇരുട്ടില്‍ മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെടും. ഇത്‌ നല്ല ഉറക്കത്തിന് പ്രധാനമാണ്. പഴം മെലാട്ടനിന്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇതുവഴി നല്ല ഉറക്കവും ലഭിക്കും. രാത്രി മധുരം കഴിയ്‌ക്കുന്ന ശീലമുള്ളവര്‍ക്ക്‌ ആരോഗ്യപരമായ വഴിയാണിത്‌. മാത്രമല്ല, രാത്രിയില്‍ വിശക്കുന്നതും അസമയത്തെ ഭക്ഷണവും തടയുകയും ചെയ്യും.

ചെറിയ ഒരു പഴം അരക്കപ്പു ഫലത്തിനും വലിയത്‌ ഒരു കപ്പു പഴങ്ങള്‍ക്കു തുല്യമാണ്. ഒരാള്‍ക്ക്‌ ദിവസവും ഒന്നര മുതല്‍ രണ്ടു കപ്പു വരെ ഫലവര്‍ഗങ്ങള്‍ ആവശ്യമാണെന്ന്‌ അമേരിക്കന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്‌ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *