പ്രധാനമന്ത്രി നാളെ കേദാർനാഥ് സന്ദർശിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേദാർനാഥ് സന്ദർശിക്കും. രാവിലെ 6.30 ന് അദ്ദേഹം ഉത്തരാഖണ്ഡിൽ എത്തുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുകയും പുനർനിർമ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
ആദിശങ്കരാചാര്യരുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും. ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി മഹാ രുദ്ര അഭിഷേകവും രാജ്യത്തിൻ്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കേദാർനാഥിൽ പുരോഗമിക്കുകയാണ്. 130 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. സന്ദർശന വേളയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.