Thursday, October 17, 2024
National

‘I.N.D.I.A അല്ല അഹങ്കാരികളെന്ന് വിളിക്കൂ’; പ്രതിപക്ഷ കൂട്ടായ്മയ്‌ക്കെതിരെ വീണ്ടും പ്രധാനമന്ത്രി

പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ I.N.D.I.Aയ്‌ക്കെതിരെ വിമര്‍ശനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. I.N.D.I.A എന്നല്ല അഹങ്കാരികളെന്നാണ് പ്രതിപക്ഷ കൂട്ടായ്മയെ വിളിക്കേണ്ടതെന്നാണ് മോദിയുടെ വാക്കുകള്‍. യുപിഎ എന്ന പേരില്‍ നിന്നും വെള്ളപൂശാനാണ് പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് INDIA യ്‌ക്കെതിരെ വീണ്ടും മോദി രംഗത്തെത്തുന്നത്.

കഴിഞ്ഞ മാസം ബംഗളൂരുവില്‍ നടന്ന യോഗത്തിലാണ് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (INDIA) എന്ന പേരില്‍ പുതിയ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ‘ആക്രമിക്കപ്പെടുന്ന ഇന്ത്യ’ എന്ന ആശയത്തിനായുള്ള തങ്ങളുടെ പോരാട്ടത്തിന്റെ പ്രതീകമാണ് ഈ പേര് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കുന്നത്.

INDIAയ്‌ക്കെതിരായ വിമര്‍ശനത്തിന് പുറമേ, ഇന്നലെ നടന്ന യോഗത്തില്‍, ജാതിയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന് മുകളിലേക്ക് ഉയരണമെന്നും മുഴുവന്‍ സമൂഹത്തിന്റെയും നേതാക്കളായി മാറണമെന്നും ബിജെപി എംപിമാരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ബിഹാറില്‍ നിന്നുള്ള 27 എംപിമാരുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിത്യാനന്ദ് റായ്, ആര്‍കെ സിംഗ്, ഭൂപേന്ദ്ര യാദവ്, ബിജെപി നേതാവ് സുശീല്‍ മോദി, ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍, വിനോദ് താവ്രെ, ഭൂപേന്ദ്ര യാദവ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകള്‍ നടത്താനും അവരവരുടെ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും എംപിമാരോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.