Friday, January 10, 2025
National

‘നേപ്പാളില്‍ വീണ്ടും പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് നേതാവ്’; സൗഹൃദം ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി

നേപ്പാളിൽ പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍(പ്രചണ്ഡ) ഇന്ന് അധികാരമേൽക്കും. നേപ്പാൾ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പ്രചണ്ഡയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.

സാംസ്കാരികമായി ആഴമുളളതാണ് ഇന്ത്യയും നേപ്പാളും തമ്മിലുളള ബന്ധം. ഇരു രാജ്യങ്ങളുടേയും സൗഹൃദം ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. പ്രതിപക്ഷ കമ്മ്യൂണിസ്റ്റ് ലെനിനിസ്റ്റും പ്രചണ്ഡയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെന്റ‍റും തമ്മിലുള്ള സഖ്യസർക്കാരാണ് ഇത്തവണ അധികാരത്തിലെത്തുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായ പ്രചണ്ഡ പ്രധാനമന്ത്രി പദവിയിലേക്ക് എത്തുന്നത് മൂന്നാം തവണയാണ്. 2008, 2016 വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തെത്തിയിരുന്നത്.

പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രപതി നേരത്തെ പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. 275 അംഗ സഭയില്‍ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡ ഉറപ്പാക്കി. വൈകിട്ട് നാലുമണിക്കാണ് പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ. അഞ്ച് വർഷത്തിന്റെ ആദ്യപകുതിക്കുശേഷം പ്രചണ്ഡ സ്ഥാനമൊഴിയുമെന്നാണ് ധാരണ. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ തൂക്കുസഭയായിരുന്നു നേപ്പാളില്‍ നിലവില്‍ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *