തകര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടികളില്‍ നിന്ന് പാഠം പഠിക്കണം’; കുടുംബ വാഴ്ചയില്‍ രാജ്യം പൊറുതിമുട്ടിയെന്ന് പ്രധാനമന്ത്രി
മറ്റ് പാര്‍ട്ടികളുടെ തകര്‍ച്ചയില്‍ നിന്ന് ബിജെപി പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘകാലമായി രാജ്യം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബവാഴ്ചയില്‍ രാജ്യം പൊറുതിമുട്ടിയെന്ന് നരേന്ദ്രമോദി പറഞ്ഞു. കുടുംബാധിപത്യ രാഷ്ട്രീയത്തെ യുവത്വം തള്ളിക്കളഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കുടുംബാധിപത്യത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനിയുള്ള കാലത്ത് നിലനില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബിജെപിയുടെ ജനാധിപത്യ മൂല്യങ്ങളെ സദാസമയവും വിലയിരുത്തിക്കൊണ്ടിരിക്കുന്ന പാര്‍ട്ടികള്‍ തങ്ങളുടെ സംഘടനകളിലെ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ച് കൂടി ചിന്തിക്കണമെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
കഴിഞ്ഞ കുറച്ച് വര്‍ഷക്കാലമായി ബിജെപിയ്ക്ക് രാജ്യത്ത് എടുത്തുപറയത്തക്ക വളര്‍ച്ചയുണ്ടായെന്ന് നരേന്ദ്രമോദി വിലയിരുത്തി. പല സംസ്ഥാനങ്ങളിലും കഷ്ടത അനുഭവിക്കേണ്ടി വന്നിട്ടും പ്രവര്‍ത്തകര്‍ പ്രത്യയശാസ്ത്രത്തിനൊപ്പം നിന്നെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ഹൈദരാബാദിനെ ഭാഗ്യനഗരമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മോദി നേതാക്കളേയും പ്രവര്‍ത്തകരേയും അഭിസംബോധന ചെയ്ത് സംസാരിച്ചത്.
തെലങ്കാനയിലേയും കേരളത്തിലേയും പശ്ചിമബംഗാളിലേയും ബിജെപി പ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിക്കുന്നതായി ബിജെപി നേതാവ് രവി എസ് പ്രസാദ് പറഞ്ഞു. ഈ സംസ്ഥാനങ്ങളില്‍ നിരവധി കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിട്ടും പ്രവര്‍ത്തകര്‍ ബിജെപിയുടെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്നെന്നും ഇവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.