രാജ്യത്തിന്റെ അന്തസ്സ് ഹനിക്കുന്നു’; പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതിന് പിന്നാലെ ബിജെപി
തങ്ങളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ട പ്രതിപക്ഷത്തിനെതിരെ ബിജെപി നേതാവ് പരാതി നൽകി. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് അശുതോഷ് ദുബെയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രതിപക്ഷം രാജ്യത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപണം.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് ‘INDIA’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനിച്ചിരുന്നു. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം രാജ്യത്തിന്റെ അന്തസ്സ് ഹനിക്കുന്നതായി ആരോപിച്ച് ബിജെപി നേതാവിന്റെ പരാതി.
‘INDIA’ എന്ന പേര് പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു. ഇത് രാഷ്ട്രത്തിന്റെ അന്തസ്സിനെ അപമാനിക്കുന്നതിന് തുല്യമാണ്. സഖ്യം ജയിച്ചാൽ ‘ഇന്ത്യ’ വിജയിച്ചെന്ന് ആളുകൾ പറയും. മറിച്ചായാൽ ‘ഇന്ത്യ’ തോറ്റു എന്ന് പ്രചരിക്കും. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ ആവശ്യമാണെന്നും രാജ്യത്തിന്റെ അന്തസ്സ് നിലനിർത്താനും, ജനാധിപത്യ തത്വങ്ങൾ സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്നും അശുതോഷ് ദുബെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.