‘ചില രാജ്യങ്ങൾ തീവ്രവാദികളുടെ അഭയകേന്ദ്രമാണ്’; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഭീകരതയ്‌ക്കെതിരെ മോദി
പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിൽ ഭീകരതയ്‌ക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്നും അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ വിമർശിക്കാൻ മടിക്കരുതെന്നും എസ്‌സിഒ നേതാക്കളുടെ ഉച്ചകോടിയിൽ മോദി പറഞ്ഞു. പാകിസ്താന്റെ പേര് പരാമർശിക്കാതെയായിരുന്നു മോദിയുടെ പ്രസ്താവന.
പ്രാദേശിക, ആഗോള സമാധാനത്തിന് ഭീകരവാദം വലിയ ഭീഷണിയാണ്. ഭീകരവാദത്തെയും ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതിനെയും നേരിടാൻ നിർണായക നടപടി ആവശ്യമാണെന്നും, തീവ്രവാദം ഏത് രൂപത്തിലായാലും അതിനെതിരെ ഒരുമിച്ച് പോരാടേണ്ടതുണ്ടെന്നും ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.
‘ചില രാജ്യങ്ങൾ തീവ്രവാദികൾക്ക് അഭയം നൽകുകയും, അതിർത്തി കടന്നുള്ള ഭീകരതയെ തങ്ങളുടെ നയങ്ങളുടെ ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നു. അത്തരം രാജ്യങ്ങളെ വിമർശിക്കാൻ എസ്‌സിഒ മടിക്കേണ്ടതില്ല’ – ഉച്ചകോടിയിൽ മോദി പറഞ്ഞു. അഫ്ഗാൻ വിഷയത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ എല്ലാ അംഗരാജ്യങ്ങളോടും പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു. അഫ്ഗാനിസ്താലെ സാഹചര്യം രാജ്യങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്താനെ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകളും പ്രതീക്ഷകളും മിക്ക എസ്‌സിഒ അംഗരാജ്യങ്ങളുടേതിന് സമാനമാണ്. അഫ്ഗാനിസ്താനിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഒറ്റക്കെട്ടായി പരിശ്രമിക്കണം. അയൽ രാജ്യങ്ങളിൽ അശാന്തി വളർത്തുന്നതിനോ തീവ്രവാദ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോ അഫ്ഗാനിസ്താൻ ഭൂമി ഉപയോഗിക്കാതിരിക്കേണ്ടത് പ്രധാനമാണെന്നും മോദി ചൂണ്ടിക്കാട്ടി.