‘യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും’; ജപ്പാനിൽ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി മോദി
ജാപ്പനീസ് നഗരമായ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം പരിഹരിക്കാൻ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് സെലെൻസ്‌കിക്ക് മോദി ഉറപ്പ് നൽകി. റഷ്യൻ അധിനിവേശത്തിന് ശേഷം പ്രധാനമന്ത്രി മോദിയും സെലൻസ്‌കിയും തമ്മിലുള്ള ആദ്യ മുഖാമുഖമായിരുന്നു ഇത്.
‘റഷ്യ-യുക്രൈൻ യുദ്ധം ലോകത്തിലെ വലിയ പ്രശ്‌നമാണ്. ഇത് സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്‌നമായി കാണുന്നില്ല. ഇത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും പറ്റുന്നതെല്ലാം ചെയ്യും’- സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി വ്യക്തമാക്കി.
ത്രിരാഷ്ട്ര പര്യടനത്തിന്റെ ആദ്യഘട്ടത്തിൽ ജി7 ഗ്രൂപ്പിന്റെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച ഹിരോഷിമയിലെത്തിയത്. ജി-7 ഗ്രൂപ്പിന്റെ നിലവിലെ ചെയർമാനായ ജപ്പാന്റെ ക്ഷണത്തെ തുടർന്നാണ് യുക്രൈൻ പ്രസിഡന്റും ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ന് രാവിലെ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ എന്നിവരുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ച നടത്തി. ഇതിന് ശേഷം അദ്ദേഹം പാപ്പുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ എന്നിവയും സന്ദർശിക്കും.