‘ഇന്ത്യയിൽ ജാതി-മത വിവേചനമില്ല’; സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയിൽ ജാതി-മത വിവേചനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദി- യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംയുക്ത പ്രസ്താവനയ്ക്കിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ജനാധിപത്യം രാജ്യത്തിന്റെ നട്ടെല്ലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും സംയുക്ത പ്രസ്താവന നടത്തിയത്. സംയുക്ത പ്രസ്താവനയ്ക്കിടെ മതന്യൂനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ചോദ്യമുയർന്നു. എന്നാൽ ഇന്ത്യയിൽ മത-ജാതി ഭിന്നതകളില്ലെന്നായിരുന്നു മോദിയുടെ ഉത്തരം.
ബൈഡനുമായുള്ള കൂടിക്കാഴ്ച ഇന്ത്യ-യുഎസ് ബന്ധത്തിലെ ചരിത്ര ദിനമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയും യുഎസ് തമ്മിലുള്ള സാമ്പത്തിക ബന്ധം കുതിച്ചുയർന്നുവെന്നും മോദി പറഞ്ഞു. അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണെന്നും ദീർഘനാളായുള്ള വ്യാപാര തർക്കങ്ങൾക്ക് പരിഹാരം കണ്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു. തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയ്ക്കിടെ പറഞ്ഞു. എഐ ടെലികോം മേഖലകളിൽ സഹകരണം വർധിപ്പിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഉഭയകക്ഷി ചർച്ചയിൽ യുക്രൈൻ യുദ്ധവും ചർച്ച ചെയ്തു.
പാരിസ് കാലാവസ്ഥ ഉടമ്പടി നടപ്പിലാക്കിയ ഏക ജി20 രാജ്യമാണ് ഇന്ത്യയെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും വലിയ പ്രാധാന്യമാണ് ഉള്ളതെന്നും മോദി പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം ശക്തവും ആഴമേറിയതെന്നും ബൈഡൻ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷിത ഭാവിക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ബൈഡൻ പറഞ്ഞു.
ചൈനീസ് പ്രസിഡന്റിനെ ഏകാധിപതിയെന്ന് അമേരിക്ക വിളിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബൈഡൻ പറഞ്ഞു.
വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒരുക്കിയത്. ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് ബൈഡൻ പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ ശക്തമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിൽ തനിക്ക് ലഭിച്ച വരവേൽപ്പ് 140 കോടി ഇന്ത്യാക്കാർക്കുള്ള ആദരമാണെന്ന് വൈറ്റ് ഹൗസിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.