പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന പൂജകള്‍ക്കുശേഷമാണ് തറക്കല്ലിട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 971 കോടി ചിലവിലാണ് പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന ഹരജികളില്‍ തീര്‍പ്പാകും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രിംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍, ശിലാസ്ഥാപനച്ചടങ്ങിനും കടലാസു ജോലികള്‍ക്കും തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രിമാരും മറ്റ് പാര്‍ലമെന്റ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ ചടങ്ങില്‍നിന്ന് കോണ്‍ഗ്രസ് വിട്ട് നിന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കരാര്‍ ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് നല്‍കിരിക്കുന്നത്. പുതിയ മന്ദിരത്തില്‍ ലോക്സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കുമുള്ള ഇരിപ്പിടമൊരുക്കും.ഇതോടൊപ്പം ലൈബ്രറി, വിവിധ സമിതികള്‍ക്കുള്ള മുറികള്‍ എന്നിവയും ക്രമീകരിക്കും. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി വിശാലമായ ഒരു കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവയും ഒരുക്കും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായി അത്യാധുനിക ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍ സജ്ജമാക്കും. ഇപ്പോഴത്തെ മന്ദിരം പുരാവസ്തുവായി സംരക്ഷിക്കും. പദ്ധതിയുടെ ഭാഗമായി പാര്‍ലമെന്റ് മന്ദിരത്തിനു പുറമേ മറ്റു ചില കെട്ടിടങ്ങളും പുതുതായി നിര്‍മ്മിക്കും.