വിശ്വാസവോട്ടെടുപ്പിന് അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം; തന്ത്രങ്ങള്‍ മെനയാന്‍ യോഗം വിളിച്ച് ശരദ് പവാര്‍
വിശ്വാസവോട്ടെടുപ്പിനായി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മഹാരാഷ്ട്രയില്‍ ഉന്നതതല യോഗം വിളിച്ചു. നാളത്തെ വിശ്വാസവോട്ടെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ വിപുലീകരിക്കാനാണ് യോഗം. അടുത്ത പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിക്കുന്നതും യോഗത്തിന്റെ അജണ്ടയാണ്.
മഹാരാഷ്ട്ര സ്പീക്കറായി ബിജെപിയുടെ രാഹുല്‍ നര്‍വേര്‍ക്കര്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ നിരയിലും കൂടിയാലോചനകള്‍ നടക്കുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ ഏഴ് അംഗങ്ങള്‍ സഭയില്‍ ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. രണ്ട് പേര്‍ ജയിലിലുമാണ്. നാളത്തെ വോട്ടെടുപ്പിന് പരമാവധി അംഗങ്ങള്‍ എത്താന്‍ ശരദ് പവാര്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം.
രാഹുല്‍ നര്‍വേക്കറിന് 164 വോട്ടുകളാണ് ഇന്ന് ലഭിച്ചത്. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിന്‍ഡെയും ബി.ജെ.പിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ രാജന്‍ സാല്‍വി ആയിരുന്നു മത്സരത്തില്‍ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്. മഹാവികാസ് അഘാഡി സഖ്യ സ്ഥാനാര്‍ത്ഥിയായാണ് രാജന്‍ സാല്‍വി മത്സരിച്ചത്.
മത്സരത്തിന് മുന്‍പ്, തങ്ങളുടെ സ്ഥാനാര്‍ത്ഥി 165-170 വോട്ടുകള്‍ നേടുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നതായി ബി.ജെ.പിയുടെ സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഇന്നത്തെ തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞത് ‘ഞങ്ങള്‍ വിജയിച്ചുകഴിഞ്ഞാല്‍, സഖ്യത്തിന് സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് ഞങ്ങള്‍ സ്ഥാപിക്കും’ എന്നായിരുന്നു.