ജാർഖണ്ഡിൽ തീർഥാടകരുമായി എത്തിയ ബസ് മറിഞ്ഞ് 4 മരണം
ജാർഖണ്ഡിലെ ഹസാരിബാഗിലുണ്ടായ വാഹനാപകടത്തിൽ 4 മരണം. 41 തീർഥാടകരുമായി എത്തിയ ടൂറിസ്റ്റ് ബസ് മറിഞ്ഞാണ് അപകടം. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. സംഭവത്തിൽ 29 പേർക്ക് പരിക്കേറ്റു.
സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 110 കിലോമീറ്റർ അകലെ ബഹുമാറിന് സമീപം ബസ് നിയന്ത്രണം നഷ്‌ടമായി മറിയുകയായിരുന്നു. ബസ് ഗയയിൽ നിന്ന് ഹസാരിബാഗ് വഴി ഒഡീഷയിലേക്ക് പോവുകയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റവരെ ഹസാരിബാഗ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായും അഞ്ച് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.