ജാർഖണ്ഡിൽ വാഹന പരിശോധനയ്ക്കിടെ വനിതാ എസ്ഐ കൊല്ലപ്പെട്ടു
ഹരിയാനയ്ക്ക് പിന്നാലെ ജാർഖണ്ഡിലും വനിതാ സബ് ഇൻസ്‌പെക്ടറെ വാഹനമിടിച്ചു കൊലപ്പെടുത്തി. റാഞ്ചി തുപുദാന സ്റ്റേഷൻ്റെ ചുമതലയുള്ള സന്ധ്യ ടോപ്‌നോ ആണ് മരിച്ചത്. കന്നുകാലി കടത്തു സംഘത്തിൻ്റെ വാഹനമാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ പാഞ്ഞു കയറിയത്. കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
റാഞ്ചി ജില്ലയിലെ തുപുദാന മേഖലയിലാണ് സംഭവം. 2018 ബാച്ചിലെ പൊലീസ് എസ്‌ഐ സന്ധ്യ ബുധനാഴ്ച പുലർച്ചെ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ഒരു പിക്കപ്പ് വാൻ നിർത്താൻ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടു. എന്നാൽ ഇൻസ്പെക്ടറെ ഡ്രൈവർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സന്ധ്യ സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നാലെ പ്രതി വാഹനവുമായി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് സ്‌റ്റേഷൻ ഇൻചാർജ് ഉൾപ്പെടെ നിരവധി പൊലീസുകാർ സ്ഥലത്തെത്തി. സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കേസിലെ പ്രതികളിലൊരാളെ പിടികൂടിയതും വാഹനം കണ്ടെടുത്തതും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.