ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം, വിദ്യാർത്ഥികളടക്കം 16 പേർ മരിച്ചു
ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ ഇന്ന് രാവിലെ ബസ് തോട്ടിലേക്ക് മറിഞ്ഞ് സ്കൂൾ കുട്ടികളടക്കം 16 യാത്രക്കാർ മരിച്ചു. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. രാവിലെ 8.30 ഓടെ സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ല ഗ്രാമത്തിന് സമീപമുള്ള തോട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു. ജില്ലാ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അപകടം നടക്കുമ്പോൾ ബസിൽ 40 ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.