ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:പ്രഭാത സായാഹ്ന സവാരിക്ക് ലോക്ക്ഡൗണില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ രാവിലെ 5 മുതല്‍ 7 വരെയും വൈകീട്ട് 7 മുതല്‍ 9 വരെയും സാമൂഹിക അകലം പാലിച്ച് നടക്കാം. കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ജോലി ചെയ്യാം.തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവ വിൽക്കുന്ന കടകളില്‍ വിവാഹക്ഷണത്ത് കാണിച്ചാല്‍ മാത്രം അനുമതി.
ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകേണ്ടതാണ്. 2021 ജൂൺ 7 മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര, സംസ്‌ഥാന സർക്കാർ ഓഫീസുകളും 50% ജീവനക്കാരെ ഉൾപ്പെടുത്തി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാവുന്നതാണ്. വ്യാവസായിക സ്ഥാപനങ്ങൾക്കും ഉൽപാദന കേന്ദ്രങ്ങൾക്കും മാത്രമാണ് ഇപ്പോൾ പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇത് സേവന മേഖലയ്ക്ക് ബാധകമല്ല.
പരിശീലനത്തിൽ പങ്കെടുക്കുന്ന പൊലീസ് ട്രെയിനികൾ, സാമൂഹ്യസന്നദ്ധ സേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫീൽഡിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, ഐഎംഡിയുടെ ഫീൽഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീൽഡ് സ്റ്റാഫ്, കൊച്ചി വാട്ടർ മെട്രോ ഫീൽഡ് സ്റ്റാഫ് എന്നിവരെ വാക്‌സിനേഷൻ ഫ്രണ്ട് ലൈൻ തൊഴിലാളികളായി പരിഗണിക്കും. പഠനാവശ്യങ്ങൾക്കും, തൊഴിലിനുമായി വിദേശത്ത് പോകുന്നവർക്ക് നൽകിയ വാക്‌സിനേഷൻ ഇളവുകൾ ഹജ്ജ് തീർഥാടകർക്കും നൽകും. 40 വയസ്സിന് മുകളിലുള്ളവർക്ക് എസ്എംഎസ് അയക്കുന്ന മുറയ്ക്ക് വാക്‌സീൻ നൽകും. ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.