തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കൂടുതൽ ഇളവുകൾ
രോഗം കുറയുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കടകൾക്കും രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ പ്രവർത്തിക്കാം. ആലുവയിൽ രോഗവ്യാപനം കുറഞ്ഞുവരികയാണ്. എന്നാൽ പശ്ചിമ കൊച്ചിയിലും ചെല്ലാനത്തും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്
വയനാട് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടി മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം നടത്തിയവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി. കൊവിഡ് പ്രതിരോധത്തിനുള്ള നൂതന മാർഗങ്ങൾ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നു. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർക്ക് ഓൺലൈൻ പരിശീലനം നൽകും
മത്സ്യവിപണന കേന്ദ്രങ്ങൾ, മൊത്ത വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും മറ്റിടങ്ങളിലേക്ക് വിൽപ്പനക്ക് പോകുന്ന സ്ത്രീകളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കും. ഫലം നെഗറ്റീവായവർ മാത്രമേ വിൽപ്പനക്ക് പോകാവൂ. കൊവിഡ് പ്രതിരോധത്തിനായി അതിനൂതന സാങ്കേതിക വിദ്യ പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള കോണ്ടാക്ട് ട്രേസിംഗിനായാണ് കൊവിഡ് രോഗികളുടെ കോൾ വിവരങ്ങൾ ശേഖരിക്കുന്നത്. ഈ വിവരങ്ങൾ എവിടെയും കൊടുക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.