കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍ പ്രവചിക്കാന്‍ കഴിയാത്തത്; ദുരന്തസാധ്യതാ മേഖലയായിരുന്നില്ലെന്ന് റവന്യുമന്ത്രി
ഇടുക്കി തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍ പ്രവചിക്കാന്‍ കഴിയാത്തതായിരുന്നെന്ന് റവന്യുമന്ത്രി കെ രാജന്‍. കുടയത്തൂര്‍ ദുരന്ത സാധ്യതാ മേഖല ആയിരുന്നില്ല. സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ മറുപടി.
ദുരന്തമുണ്ടായ സ്ഥലത്തെ കുറിച്ച് പ്രദേശാവാസികള്‍ക്ക് തന്നെ നല്ല അറിവുണ്ട്. ഏതാണ്ട് 70 വര്‍ഷം മുന്‍പാണ് അവിടെയൊരു ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തിന്റെ മറ്റൊരു സാധ്യതയും ഇത്തവണയുണ്ടായിരുന്നില്ല. ഓറഞ്ച് ബുക്ക് എല്ലാത്തവണത്തെയും പോലെ തയ്യാറാക്കി ദുരന്തമുണ്ടാകുന്ന സ്ഥലങ്ങളില്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കി ജാഗ്രതയോടെയാണ് ഇത്തവണയും പ്രവര്‍ത്തിച്ച് വന്നത്. ഈ അപകടം നേരത്തെ പ്രവചിക്കാന്‍ സാധിച്ചില്ല. മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഇന്നലെ പുലര്‍ച്ചെയോടെ ഉരുള്‍പൊട്ടലുണ്ടായത്. മാളിയേക്കല്‍ കോളനിയിലെ സോമന്‍ എന്നയാളുടെ കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. സോമന്‍, മാതാവ് തങ്കമ്മ, മകള്‍ ഷിമ, ഭാര്യ ഷിജി, ചെറുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയിരുന്നു.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. കാസഗോഡ് ഒഴികെയുള്ള പതിമൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റുമുണ്ടാകും.
കടലില്‍ മോശം കാലാസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാന്‍ കാരണം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് അറിയിപ്പ്.